കൊച്ചി : പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കുംഭമേളയിലെ വൈറൽ പെണ്‍കുട്ടിയെ വിവാഹം ചെയ്ത ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുത്തേക്കും. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസേ ഉണ്ടായിരുന്നുള്ളൂ എന്നും കേരളത്തിൽ വച്ച് നടന്ന വിവാഹത്തിന് ഉപയോഗിച്ചത് വ്യാജ രേഖയെന്നും ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തിയതിന് പിന്നാലെയാണ് മധ്യപ്രദേശ് പോലീസ് കേസെടുത്തത്.
മധ്യപ്രദേശിലെ പെണ്‍കുട്ടിയും യുപിയിലെ യുവാവും കേരളത്തില്‍ വന്ന് കല്യാണം കഴിച്ചതില്‍ സംശയമുണ്ട്. പൊലീസ് സംരക്ഷണം ലഭിച്ചതിലും ദുരൂഹതയുണ്ടെന്നാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയ പ്രഥം ദുബെ പറയുന്നത്. ഈ വിവാഹം ലൗജിഹാദാണെന്ന് സുപ്രീം കോടതി അഭിഭാഷക നാസിയ ഇലാഹി ഖാൻ നേരത്തെ പറഞ്ഞിരുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു നാസിയയുടെ ഈ പ്രതികരണം.
ഡൽഹി കലാപത്തിലെ പ്രതിയായ ഷർജീൽ ഇമാമും നിരോധിത സംഘടനയായ പിഎഫ്‌ഐയും ഈ വിവാഹത്തിന് ധനസഹായം നൽകിയിട്ടുണ്ടാകാമെന്നും നാസിയ പറഞ്ഞിരുന്നു. കേരള സർക്കാർ തീവ്രവാദികളെ സഹായിച്ചുവെന്നും , ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും എൻ ഐ എ അടക്കമുള്ള സുരക്ഷാ ഏജൻസികളോട് നാസിയ ആവശ്യപ്പെട്ടിരുന്നു. ഇതും നിലവിൽ അന്വേഷണ പരിധിയിലുണ്ടെന്നാണ് സൂചന .











