കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. രഞ്ജിത്തിന് ജാമ്യം അനുവദിച്ചത് ആരോഗ്യകാരണങ്ങളെ തുടർന്നാണെന്നും പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി വ്യക്തമാക്കി. പരാതിയുടെ വസ്‌തുതയിലേക്ക് തൽക്കാലം കടക്കുന്നില്ലെന്നും, ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളിൽ 5 വർഷത്തിൽ താഴെയാണ് ശിക്ഷാ കാലാവധി തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്നും കോടതി അറിയിച്ചു.
ജാമ്യം നൽകിയാൽ പ്രതി സാക്ഷിയെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ ആശങ്ക ഗൗരവമായി കാണുന്നു എന്നും ജാമ്യ ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിന് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. രഞ്ജിത്തിന്റെ തന്നെ സിനിമയിലെ അണിയറപ്രവർത്തകരാണ് കേസിലെ സാക്ഷികൾ.
കാരവാനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ആരോപണം നിഷേധിക്കുന്നുവെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നത്. അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്. റിപ്പോർട്ടിൽ രഞ്ജിത്തിന്റെ പേരിൽ മുമ്പുണ്ടായിരുന്ന കേസുകളും പരാമർശിച്ചിട്ടുണ്ട്. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.















