കോട്ടയം: കേരളത്തെ നടുക്കിയ വിതുര പീഡന പരമ്പരയിലെ ആദ്യ കേസിൽ ഒന്നാം പ്രതി കൊല്ലം സ്വദേശി സുരേഷിന് (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ) 37 വർഷം കഠിനതടവും പിഴയും വിധിച്ചു. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. സമാനമായ മറ്റൊരു കേസിൽ നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി നിലവിൽ ജയിലിൽ കഴിയുകയാണ്.
ഇതോടൊപ്പം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ മറ്റുരണ്ട് കേസിലെ ശിക്ഷ 13-ന് പ്രഖ്യാപിക്കും. ഈ മൂന്ന് കേസിൽ പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽമതി. നിലവിൽ അനുഭവിച്ചുവരുന്ന ശിക്ഷാകാലാവധി ഈ കേസിലും ശിക്ഷയായി പരിഗണിക്കും.1995-ൽ വിതുര സ്വദേശിനിയായ പെൺകുട്ടിയെ, അകന്ന ബന്ധുവായ യുവതി വീട്ടിൽനിന്നിറക്കിക്കൊണ്ടുവന്ന് ഒന്നാംപ്രതി സുരേഷിന് കൈമാറുകയും, 1996 ജൂലായ് വരെ എട്ടുമാസത്തിലേറെ സംസ്ഥാനത്തിനകത്തും പുറത്തും നിരവധിപേർക്ക് കൈമാറി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.
അന്യായമായി തടഞ്ഞുവെച്ചതിന് ഒരുവർഷം, പത്ത് ദിവസത്തിനുമേൽ തടഞ്ഞുവെച്ചതിന് മൂന്നുവർഷം, വില്പന നടത്തിയതിന് 10 വർഷം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാങ്ങിയതിന് 10 വർഷം, വ്യഭിചാരശാല നടത്തിയതിന് മൂന്നുവർഷം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചതിന് 10 വർഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 14,000 രൂപ പിഴ അടയ്‌ക്കണം. തുക ഇരയായ പെൺകുട്ടിക്ക് കൈമാറണം.
ഇരയ്‌ക്കുള്ള നഷ്ടപരിഹാരത്തുക നിശ്ചയിക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. നേരത്തേ ശിക്ഷ വിധിച്ച കേസിൽ പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി പെൺകുട്ടിക്ക് കോടതി അനുവദിച്ചിരുന്നു. ആ കേസിൽ ഒന്നാംപ്രതി സുരേഷിനെ 24 വർഷമാണ് ശിക്ഷിച്ചത്. ഈ ശിക്ഷയാണ് ഇപ്പോൾ സെൻട്രൻ ജയിലിൽ പ്രതി അനുഭവിച്ചുവരുന്നത്. പ്രതികളായ സുരേഷ്, ഉദയചന്ദ്രൻ, ചന്ദ്രൻനായർ, ഒ.സി. കുട്ടൻ എന്നിവരാണ് ഇപ്പോൾ വിചാരണ നേരിടുന്നത്. മറ്റൊരു പ്രതിയായ ജി. മോഹനൻ മരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രാജഗോപാൽ പടിപ്പുരയ്‌ക്കൽ ഹാജരായി.
















