കോഴിക്കോട്: ബസിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ജാക്കി തെന്നിമാറി ഉണ്ടായ അപകടത്തില്‍ ജീവനക്കാരന് ദാരുണാന്ത്യം.നഗരത്തില്‍ സരോവരം പാര്‍ക്കിനു എതിര്‍വശം വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥലത്താണ് സംഭവം.ആലപ്പുഴ കണ്ടല്ലൂര്‍ പുതിയാവിള മീനത്തില്‍ പുതുവല്‍ വീട്ടില്‍ പ്രകാശിന്റെ മകന്‍ ഗിരിപ്രകാശ് (24) ആണ് മരിച്ചത്.
ഉച്ചയ്‌ക്കു 12 മണിയോടെയാണ് അപകടം ഉണ്ടായത്.കോഴിക്കോട് ദേവാല റൂട്ടില്‍ ഓടുന്ന സിഡബ്ലിയുഎംഎസ് ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ബസ് ഉയര്‍ത്തി നിര്‍ത്തിയിരുന്ന ജാക്കി തെന്നി മാറുകയായിരുന്നു.ബസിനടിയില്‍ ഇരുവശത്തും രണ്ട് തൊഴിലാളികള്‍ കിടന്നാണ് ബ്രേക്ക് ലൈനറിന്റെ അറ്റകുറ്റപ്പണി നടത്തിയത്.പിന്നിലെ ടയറുകള്‍ ഊരിമാറ്റിയ ശേഷം ജാക്കി ലിവര്‍ ഉപയോഗിച്ചാണ് ബസ് ഉയര്‍ത്തി നിര്‍ത്തിയിരുന്നത്. ഇതിനിടെ ജാക്കി തെന്നി മാറി ഗിരിപ്രകാശിന്റെ നെഞ്ചിന്റെ ഭാഗത്തേക്കും മറുഭാഗത്ത് ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി അശ്വിന്റെ കാലിനു മുകളിലേക്കും ബസ് വീണു.
അപകടം ഉണ്ടായ ഉടന്‍ മറ്റ് തൊഴിലാളികള്‍ ഓടിയെത്തി ബസ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഗിരിപ്രകാശിനെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ജാക്കി ലിവറുകള്‍ ഉപയോഗിച്ച് ബസിന്റെ വശം ഉയര്‍ത്തി അശ്വിനെ ആശുപത്രിയിലേക്ക് മാറ്റി. ഒടുവില്‍ ഫയര്‍ഫോഴ്‌സ് ഹൈഡ്രോളിക് റെസ്‌ക്യു ഉപകരണം ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് ഗിരിപ്രകാശിനെ പുറത്തെടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പ് ജീവന്‍ നഷ്ടമായിരുന്നു.
















