
ജെറുസലേം : പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വജ ആസിഫിനെതിരെ രൂക്ഷ പ്രതികരണവുമായി ഇസ്രായേൽ . ലെബനനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഖ്വാജ ആസിഫ് ഇസ്രായേലിനെ “തിന്മ”, “മനുഷ്യത്വത്തിനുള്ള ശാപം”, “കാൻസർ” എന്ന് വിശേഷിപ്പിച്ചത്.
ലെബനനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ആസിഫ് ഇസ്രായേൽക്കെതിരായ തന്റെ വിദ്വേഷം പ്രകടിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ഈ പരാമർശങ്ങളെ അതിരുകടന്നതും സഹിക്കാൻ കഴിയാത്തതുമെന്നാണ് വിശേഷിപ്പിച്ചത്.
“ഇസ്രായേലിനെ ഉന്മൂലനം ചെയ്യണമെന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അതിരുകടന്നതാണ്. ഇത് ഒരു സർക്കാരിനും, പ്രത്യേകിച്ച് സമാധാനത്തിനായുള്ള നിഷ്പക്ഷ മദ്ധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിൽ നിന്ന് സഹിക്കാൻ കഴിയുന്ന ഒരു പ്രസ്താവനയല്ല” ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
പാകിസ്ഥാനെ ഭീകരവാദരാജ്യമെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ മോഷെ വിശേഷിപ്പിച്ചത് . “സമാധാനത്തിന് മധ്യസ്ഥത വഹിക്കുമെന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിന്റെ ഈ നഗ്നമായ സെമിറ്റിക് വിരുദ്ധ രക്തരൂക്ഷിതമായ പരാമർശങ്ങളെ ഇസ്രായേൽ വളരെ ഗൗരവമായി കാണുന്നു. ജൂത രാഷ്‌ട്രത്തെ കാൻസർ എന്ന് വിളിക്കുന്നത് ഫലത്തിൽ അതിന്റെ ഉന്മൂലനത്തിന് ആഹ്വാനം ചെയ്യുകയാണ്. ഇസ്രായേൽ നശിപ്പിക്കാൻ പ്രതിജ്ഞയെടുക്കുന്ന തീവ്രവാദികൾക്കെതിരെ സ്വയം പ്രതിരോധിക്കും” ഗിഡിയോൺ മോഷെ മുന്നറിയിപ്പ് നൽകി.
“ഇസ്രായേലിന് മരണം” എന്ന് പ്രഖ്യാപിച്ച ഇറാനിയൻ ആയത്തുള്ളകളുടെ ഭാഷയ്‌ക്ക് സമാനമായ ഭാഷയാണ് പാകിസ്ഥാൻ ഉപയോഗിക്കുന്നതെന്ന് അമേരിക്കയിലെ ഇസ്രായേൽ അംബാസഡർ അംബാസഡർ യെച്ചിയേൽ ലീറ്റർ അഭിപ്രായപ്പെട്ടു. “നിങ്ങൾ ഒരു മധ്യസ്ഥനല്ല മിസ്റ്റർ ആസിഫ്, നിങ്ങളാണ് പ്രശ്നം. ഇത് നിങ്ങൾക്ക് നിരാശാജനകമാണെങ്കിൽ പോലും, ഇസ്രായേൽ ഇവിടെ തന്നെ തുടരും.”അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലിന്റെ രൂക്ഷവിമർശനത്തിന് പിന്നാലെ ഖ്വാജ ആസിഫ് പോസ്റ്റ് ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം കൊൽക്കത്തയെ ആക്രമിക്കുമെന്ന് പറഞ്ഞ് ഇന്ത്യയെയും ആസിഫ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി പാകിസ്ഥാൻ എത്രയായി വെട്ടിമുറിക്കപ്പെടുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്ന മുന്നറിയിപ്പാണ് ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നൽകിയത്.