
ന്യൂദല്‍ഹി: പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബില്ലിന് അംഗീകാരം നല്കിയത്. 2023ല്‍ പാസാക്കിയ നാരീശക്തി വന്ദന്‍ അധിനിയത്തില്‍ ഭേദഗതി കൊണ്ടുവന്നാണ് സംവരണം നടപ്പാക്കുന്നത്. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ 33 ശതമാനം വനിതാ സംവരണം പ്രാബല്യത്തില്‍ വരും.
ഏപ്രില്‍ 16 മുതല്‍ ചേരുന്ന ബജറ്റ് സമ്മേളനത്തിന്റെ തുടര്‍ച്ചയില്‍ നാരീശക്തി വന്ദന്‍ അധിനിയം ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മണ്ഡല പുനര്‍നിര്‍ണയ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ മറ്റൊരു ബില്ലും അവതരിപ്പിക്കും. ഭേദഗതിപ്രകാരം ലോക്സഭാ സീറ്റുകള്‍ നിലവിലെ 543 ല്‍ നിന്ന് 816 ആയി വര്‍ദ്ധിക്കും. ഇതില്‍ 273 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും.
2027ല്‍ സെന്‍സസ് പൂര്‍ത്തിയാക്കിയ ശേഷം സംവരണം നടപ്പാക്കാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍ ഇത് കൂടുതല്‍ നീണ്ടേക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമസഭകളിലും സമാനമായ രീതിയില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് ആനുപാതികമായി സ്ത്രീകള്‍ക്ക് സംവരണം നല്കും.
സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ കേരളത്തില്‍ ലോക്സഭാ സീറ്റുകള്‍ മുപ്പതായും നിയമസഭാ സീറ്റുകള്‍ 210 ആയും ഉയരും. ചരിത്രം കുറിച്ച നാരീശക്തി വന്ദന്‍ അധിനിയത്തിന് 2023 സപ്തംബറിലാണ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്കിയത്. (പേജ് 12 കാണുക)