തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ സംസ്ഥാനത്ത് കനത്ത പോളിങ്. ഉച്ച കഴിഞ്ഞ് 3 മണിവരെയുള്ള കണക്ക് പ്രകാരം 62.71 ശതമാനമാണ് പോളിങ്. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുമുള്ള പോളിങ് പുരോഗമിക്കുകയാണ്. പൊതുവേ സമാധാനപരമായാണ് വോട്ടെടുപ്പ് തുടരുന്നത്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയ സംഭവങ്ങളുണ്ടായി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണി വരെ തുടരും. എസ്‌ഐആറിനെ തുടർന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന.
എറണാകുളത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. നിരവധി കന്നിവോട്ടർമാരെ കാണാൻ കഴിഞ്ഞെന്നും ഇതുപോലെ പോളിങ് മുന്നോട്ട് പോവുകയാണെങ്കിൽ പോളിംഗ് ശതമാനം 90 കടന്നേക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം 61.38 ശതമാനം, കൊല്ലം 61.44 ശതമാനം, പത്തനംതിട്ട 59.25 ശതമാനം, ആലപ്പുഴ 62.16 ശതമാനം, കോട്ടയം 61.46 ശതമാനം, ഇടുക്കി 62.35 ശതമാനം, എറണാകുളം 66.00 ശതമാനം, തൃശൂർ 63.17 ശതമാനം, പാലക്കാട് 64.69 ശതമാനം, മലപ്പുറം 62.27 ശതമാനം, കോഴിക്കോട് 64.17 ശതമാനം, വയനാട് 61.43 ശതമാനം, കണ്ണൂർ 62.11 ശതമാനം, കാസർകോട് 61.32 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലയിലെ പോളിങ് നില.
















