തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു. ഉച്ചയ്‌ക്ക് ഒരു മണിവരെയുള്ള കണക്ക് പ്രകാരം 47.9 ശതമാനമാണ് പോളിങ്. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്.. ഇത്തവണ ആകെ പോളിങ് 80 ശതമാനം കടക്കാനിടയുണ്ടെന്നും വിലയിരുത്തുന്നു.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏകദേശം 2.71 കോടി വോട്ടർമാരാണ് ജനവിധി രേഖപ്പെടുത്തുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നീണ്ട ശക്തമായ പ്രചാരണത്തിനൊടുവിലാണ് ജനവിധി തേടുന്നത്.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, നടൻ മോഹൻലാൽ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി
വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ നഗർ സ്കൂളിലെത്തി ഗവർണർ വോട്ട് ചെയ്തു. തുടർന്ന് സംസാരിച്ച രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, “ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും നിലനിൽക്കേണ്ടതാണ്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും എല്ലാവരും നല്ലവരെ തിരഞ്ഞെടുക്കാൻ മുന്നോട്ട് വരണമെന്നും” പറഞ്ഞു.വോട്ടു ചെയ്യുകയെന്നത് ജനാധിപത്യപരമായ അവകാശം മാത്രമല്ല കടമയുംകൂടിയാണെന്നും അതിനാൽ എല്ലാവരും സ്വതന്ത്രവും നിര്‍ഭയവുമായി വോട്ടു രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്ന് ഗവര്‍ണര്‍ ആഹ്വാനം ചെയ്തു.
ഓരോ വോട്ടും നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും അതിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതിലും വ്യക്തമായ പങ്ക് വഹിക്കുന്നുണ്ടെന്നും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ ഇത് വളരെ പ്രധാനമാണെന്നും അതിനാൽ എല്ലാപേരും സഗൗരവം വോട്ടവകാശം വിനിയോഗിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു
ആദ്യ മണിക്കൂറുകളിൽ തന്നെ പ്രകടമായ മികച്ച പോളിങ്, ഈ തെരഞ്ഞെടുപ്പിൽ ശക്തമായ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.
















