ടെഹ്റാൻ: ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി മേജർ ജനറൽ സയ്യിദ് മജീദ് ഖാദിമി അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. പുലർച്ചെ നടന്ന ഒരു ആക്രമണത്തിൽ ഖാദിമി കൊല്ലപ്പെട്ടതായി ഐആർജിസി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഏകദേശം 50 വർഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്റലിജൻസ്, സുരക്ഷാ സേവനങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്നു.
രാജ്യതലസ്ഥാനമായ ടെഹ്‌റാനിലെ ജനവാസകേന്ദ്രങ്ങൾക്ക് നേരെയുണ്ടായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിലെ ഉന്നത ഉന്നത സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുകയാണ്.
കഴിഞ്ഞ ജൂൺമാസം നടന്ന ഇറാൻ-ഇസ്രയേൽ 12 ദിന യുദ്ധത്തിൽ ജനറൽ മൊഹമ്മദ് കസെമി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഐആർജിസിയുടെ ഇന്റലിജൻസ് വിഭാഗത്തിന്റെ തലപ്പത്തേക്ക് മജീദ് എത്തിയത്. ഈയടുത്ത ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ഇറാന്റെ ഉയർന്ന റാങ്കിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ഖാദിമിയുടെ മരണത്തിൽ ഇറാൻ സർക്കാർ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.
















