
കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ വിഭാഗീയത രൂക്ഷമായ പയ്യന്നൂരില്‍ സിപിഎമ്മിന് പ്രതിസന്ധിയായി മുന്‍ എംഎല്‍എയും സിഐടിയു ജില്ലാ പ്രസിഡന്റുമായ സി. കൃഷ്ണന്റെ നിസ്സഹകരണം. 2011 മുതല്‍ 16 വരെ എംഎല്‍എയായ ടി. കൃഷ്ണനാണ് ടി.ഐ. മധുസൂദനന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. സി. കൃഷ്ണനുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നയാളാണ് രക്തസാക്ഷിഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട മുന്‍ ജില്ലാകമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്‍. പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന്‍ സ്വതന്ത്രനായി നില്‍ക്കുന്ന സാഹചര്യത്തില്‍ സി. കൃഷ്ണന്റെ വിട്ടുനില്‍ക്കല്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ചയാണെങ്കിലും നേതൃത്വം ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ ഏരിയാകമ്മിറ്റിയും പെരിങ്ങോം ഏരിയാകമ്മറ്റിയും തമ്മില്‍ ശക്തമായ അഭിപ്രായ ഭിന്നതകളുണ്ട്. കാരണം ഇതുവരെ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയില്‍ നിന്നുള്ളവര്‍ മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയത്. അടുത്ത തവണ പെരിങ്ങോം ഏരിയാകമ്മിറ്റിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന തീരുമാനം വന്നാല്‍ ടി.ഐ. മധുസൂദനന്റെ പിന്‍ഗാമിയാവാന്‍ കച്ചകെട്ടിയിറങ്ങിയ പി. സന്തോഷ് പിന്‍തള്ളപ്പെടും. ഏരിയാ സെക്രട്ടറി പി. സന്തോഷിന് സ്ഥാനാര്‍ത്ഥിയുടെ കൂടെ എല്ലാദിവസവും സജീവമായി ഉണ്ടാവണമെന്ന് ജില്ലാ ഘടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പി. സന്തോഷ് കൃത്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നുണ്ടെങ്കിലും അഭിപ്രായ ഭിന്നതകളുണ്ട്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ വി. നാരായണന്‍ ഇടക്കാലത്ത് പാര്‍ട്ടിയുമായി അഭിപ്രായ ഭിന്നതയിലായിരുന്നു. ഇപ്പോള്‍ പ്രശ്‌നപരിഹാരമായെന്ന് പുറത്ത് പറയുന്നുണ്ടെങ്കിലും ഇത് എത്രകാലമെന്ന് നേതൃത്വത്തിനും വ്യക്തതയില്ല. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണന്‍ കൂടുതല്‍ കണക്കുകളും തെളിവുകളും പുറത്ത് വിട്ടാല്‍ സിപിഎം നേതൃത്വം പൂര്‍ണമായും പ്രതിസന്ധിയിലാകും.