മംഗലാപുരം:നാല് ദിവസം കുടകിലെ കാട്ടില്‍ വഴി തെറ്റി അലഞ്ഞ ശരണ്യയുടെ കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രം.ഫോണ്‍ ഓഫായതോടെ പുറം ലോകവുമായി ബന്ധപ്പെടാനുമായില്ല.
തനിക്ക് വേണ്ടി വിപുലമായ തെരച്ചില്‍ നടക്കുന്നതായി ശരണ്യ അറിഞ്ഞിരുന്നില്ല.പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു. പൂര്‍ണ ആരോഗ്യവതിയാണെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക വനംവകുപ്പും നാട്ടുകാരും ചേര്‍ന്നാണ് വിപുലമായ തെരച്ചില്‍ നടത്തിയത്.
ആറ് സംഘങ്ങള്‍ ആയിട്ടായിരുന്നു തെരച്ചില്‍. പ്രദേശവാസികളാണ് ശരണ്യയെ കണ്ടെത്തിയത്. സാധാരണ ആളുകള്‍ കടന്നു ചെല്ലാത്ത സ്ഥലത്തായിരുന്നു കണ്ടെത്തുമ്പോള്‍ ശരണ്യ ഉണ്ടായിരുന്നത് എന്ന് നാട്ടുകാര്‍ പറഞ്ഞു.
കാട്ടില്‍ അകപ്പെട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആരും തെരഞ്ഞെത്താതിരുന്നതോടെ കാണാതായ വിവരം പുറത്തറിഞ്ഞില്ലെന്ന് കരുതിയെന്ന് ശരണ്യ പറഞ്ഞു. അടുത്തുള്ള ഉയര്‍ന്ന മലയുടെ മുകളില്‍ കയറിയാല്‍ സ്ഥലം മനസിലാക്കാന്‍ കഴിയുമെന്നതിനാല്‍ അതിന് ആയിരുന്നു ശ്രമം. ഈ ശ്രത്തിനിടെയാണ് തെരച്ചില്‍ സംഘത്തെ കണ്ടതെന്നും ശരണ്യ പറഞ്ഞു.തെരഞ്ഞെത്തുക ഒരു ഡ്രോണ്‍ ആയിരിക്കും എന്നാണ് കരുതിയത്.എന്നാല്‍ ഇത്രയും വലിയൊരു തെരച്ചില്‍ ദൗത്യം നടന്നെന്നത് ഞെട്ടിച്ചെന്നും ശരണ്യ പറഞ്ഞു.
ട്രക്കിംഗിനിടെ ശരണ്യയ്‌ക്ക് വഴിതെറ്റുകയായിരുന്നു.കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യ കൊച്ചില്‍ സോഫ്റ്റ് വെയര്‍ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്.















