തളിപ്പറമ്പ്: ഡിവൈഎഫ്‌ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സിപിഎം മുന്‍ നേതാവുമായ മനു തോമസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്ന രാഷ്‌ട്രീയ ചോദ്യങ്ങള്‍ പാര്‍ട്ടിക്കുളളിലും പൊതു സമൂഹത്തിലും ചര്‍ച്ചയാവുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘടനയുടെ വോട്ട് വാങ്ങാനുള്ള സിപിഎം നേതൃത്വത്തിന്റെ നടപടിക്കെതിരേയാണ് മനുതോമസ് രംഗത്ത് വന്നത്.
എസ്ഡിപിഐയുടെ പിന്തുണ തേടാന്‍ സിപിഎം ജില്ലാ നേതൃത്വങ്ങള്‍ക്ക് രഹസ്യ നിര്‍ദേശം നല്‍കിയെന്ന പോസ്റ്റിനോടൊപ്പം ‘നാന്‍ പെറ്റ മകനെ എന്ന അമ്മയുടെ തേങ്ങല്‍ കേരളം മറക്കില്ലെന്ന്’ ഓര്‍മ്മിപ്പിക്കുകയാണ് മനുതോമസ്. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തെ പോലും വിസ്മരിച്ചുകൊണ്ട് വര്‍ഗീയ ശക്തികളുമായി കൈകോര്‍ക്കുന്ന നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത്.
എസ്എഫ്‌ഐയ്‌ക്ക് വേണ്ടി മരണം വരിച്ച അഭിമന്യുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം നടത്തുന്ന ഈ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. സിപിഎമ്മിലെ ജനാധിപത്യം വെറും പ്രഹസനമാണെന്നും ഒന്നോ രണ്ടോ വ്യക്തികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ പേരില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും മനു തോമസ് തന്റെ ആദ്യ പോസ്റ്റില്‍ തറന്ന് പറഞ്ഞിരുന്നു. തീരുമാനങ്ങള്‍ എടുക്കുന്ന ‘രാജാവ്’ ആരാണെന്ന അദ്ദേഹത്തിന്റെ ചോദ്യം ഉയര്‍ത്തിയ അലയൊലികള്‍ അടങ്ങും മുന്‍പേയാണ് അടുത്ത പ്രഹരം പാര്‍ട്ടിക്കെതിരെ എത്തിയിരിക്കുന്നത്.
സംഘടനയ്‌ക്കുള്ളിലെ വിയോജിപ്പുകളെ നിശ്ശബ്ദമാക്കുന്ന ‘മൃഗീയ മൗനത്തെ’ കുറിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ക്ക് പിന്നാലെ മനു തോമസിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയിലെ സമകാലിക മാറ്റങ്ങളില്‍ അതൃപ്തിയുള്ള ഒരു വലിയ വിഭാഗം അണികള്‍ക്കിടയില്‍ മനുതോമസിന്റെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. ഡിവൈഎഫ്‌ഐയുടെ നേതാവ് എന്നതിലുപരി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു മനു തോമസ്. നിലവില്‍ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലില്ല.
















