തിരുവനന്തപുരം: മഹാരാജാസ് കോളെജിലെ അഭിമന്യു എന്ന ഇടുക്കിയില്‍ നിന്നുള്ള എസ് എഫ് ഐക്കാരനായ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നത് എസ് ഡി പിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ടിലുള്ളവര്‍. നാന്‍ പെറ്റ മകനെ…അഭിമന്യുവിന്റെ മൃതദേഹം ഇടുക്കിയിലെ വീട്ടില്‍ എത്തിയപ്പോള്‍ അവന്റെ അമ്മയുടെ നെഞ്ചുപൊള്ളിക്കുന്ന കരച്ചില്‍ ആരും മറക്കില്ല.
ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിട്ടാണ് ഇടുക്കിയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് അഭിമന്യൂ ഉപരിപഠനത്തിനായി എറണാകുളം മഹാരാജാസ് കോളെജില്‍ എത്തുന്നത്. മകനെ പഠിപ്പിച്ചു നല്ല നിലയില്‍ എത്തിക്കുക എന്ന ഒറ്റ സ്വപ്‌നം മാത്രമായിരുന്നു തോട്ടം തൊഴിലാളികളായ അച്ഛനും അമ്മയ്‌ക്കുമുണ്ടായിരുന്നത്. പക്ഷേ ഒരു കുടുംബത്തിന്റെ നെഞ്ചിലേക്ക് വാള്‍തല കയറ്റി ഇറക്കുകയായിരുന്നു എസ് ഡിപി ഐ വിദ്യാര്‍ത്ഥികള്‍.
എന്നാല്‍ അഭിമന്യുവിന്റെ ശരീരത്തില്‍ കത്തിയിറക്കിയ എസ് ഡിപിഐയുടെ വോട്ട് നേമത്ത് വേണ്ടെന്ന് പറയാന്‍ ശിവന്‍കുട്ടി തയ്യാറല്ല. 2021ലെ തെരഞ്ഞെടുപ്പിലും ബിജെപിയെ തോല്‍പിക്കുക എന്ന ലക്ഷ്യത്തോടെ ശിവന്‍കുട്ടിക്ക് വോട്ട് നല്‍കിയിരുന്നുവെന്ന് എസ് ഡി പിഐ പറയുന്നു. ഭീകരസംഘടനയായ എസ് ഡി പിഐയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ ഇവര്‍ തയ്യാറല്ല. നേമത്ത് ശിവന്‍കുട്ടിക്ക് വോട്ട് ചെയ്യുമെന്ന് എസ് ഡിപിഐ ലത്തീഫ് പരസ്യമായി പ്രഖ്യാപിച്ചിട്ടും ആ വോട്ടുകള്‍ വേണ്ടെന്ന് ഇതുവരെയും ശിവന്‍കുട്ടി പറയാന്‍ തയ്യാറായിട്ടില്ല. നെടുമങ്ങാട്ട് ജി.ആര്‍. അനിലും എസ് ഡിപിഐ വോട്ടിന്റെ കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുന്നു. ആദര്‍ശം പ്രസംഗിക്കുന്ന ബിനോയ് വിശ്വവും എസ് ഡിപിഐ വോട്ട് വേണ്ടെന്ന് പറഞ്ഞില്ലെന്നതാണ് അപഹാസ്യം.
ഈ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് പഴയ സിപിഎം മന്ത്രിയായിരുന്ന ബാലന്റെ ന്യായീകരണമാണ് ഏറെ പരിഹാസ്യമായത്. എസ് ഡിപിഐയെ നന്നാക്കാനാണ് അവരുടെ വോട്ട് വാങ്ങുന്നത് എന്നാണ് ബാലന്റെ വിശദീകരണം.
















