വാഷിംഗ്ടൺ: അമേരിക്കൻ നീതിന്യായ വകുപ്പിൽ വൻ അഴിച്ചുപണി നടത്തിക്കൊണ്ട് അറ്റോർണി ജനറൽ സ്ഥാനത്തുനിന്ന് പാം ബോണ്ടിയെ നീക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താന്‍ പറഞ്ഞതു കേള്‍ക്കുന്നില്ലെന്നതാണ് പരാതി. അടുത്തത് ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ തുളസി ഗബാര്‍ഡിന്റെ തല ഉരുളുമെന്നും സൂചനകളുണ്ട്. യു.എസ് ജനപ്രതിനിധി സഭയിൽ മതഗ്രന്ഥമെന്ന നിലയിൽ ഭഗവദ്ഗീതയുപയൊഗിച്ച് ആദ്യമായി സത്യപ്രതിജ്ഞ നടത്തിയ തുൾസി, അമേരിക്കൻ വംശജയായ ഹിന്ദു മത വിശ്വാസിയാണ് .
വ്യാഴാഴ്ച രാത്രി വൈകിയാണ് ട്രംപ് തന്റെ ഈ നിർണായക തീരുമാനം പ്രഖ്യാപിച്ചത്. പാം ബോണ്ടിക്ക് പകരം ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിനെ ആക്ടിംഗ് അറ്റോർണി ജനറലായി ട്രംപ് നിയമിച്ചു.
ട്രംപിന്റെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന പാം ബോണ്ടിയെ പെട്ടെന്ന് മാറ്റാനുണ്ടായ സാഹചര്യം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിന് പിന്നിൽ. ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം എറിക് സ്വാലെലിനെതിരെയുള്ള എഫ്ബിഐ നീക്കങ്ങളെക്കുറിച്ച് പാം ബോണ്ടി അദ്ദേഹത്തിന് മുൻകൂട്ടി വിവരം നൽകി എന്ന് ട്രംപ് സംശയിക്കുന്നതായി പറയപ്പെടുന്നു.
ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പരസ്യപ്പെടുത്തുന്നതിൽ പാം ബോണ്ടി കാണിച്ച താമസം ട്രംപിനെ ചൊടിപ്പിച്ചിരുന്നു. അറ്റോർണി ജനറലിന്റെ മാറ്റത്തിന് പിന്നാലെ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡിനും ട്രംപ് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്.
തന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നു എന്ന ആരോപണം തുളസിക്കെതിരെയും ഉയർന്നിട്ടുണ്ട്.
















