ന്യൂദല്‍ഹി : ബംഗാളിലെ മാൽഡ ജില്ലയിൽ എസ് ഐ ആര്‍ (സ്‌പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ) പ്രക്രിയയുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഏഴ് ജഡ്ജിമാരടക്കം ഉദ്യോഗസ്ഥരെ ഒമ്പത് മണിക്കൂറിലധികം തൃണമൂല്‍ പ്രവര്‍ത്തകര്‍ ബന്ദികളാക്കി. ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എന്‍ഐഎയ്‌ക്ക് വിട്ടുകൊണ്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചത് മമത ബാനര്‍ജിയ്‌ക്ക് തിരിച്ചടിയായി.
മമത ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് ജഡ്ജിമാരെ ബന്ദികളാക്കിയതെന്ന് ബിജെപി ആരോപിച്ചു. എന്തായാലും മമത ബാനര്‍ജിയുടെ സര്‍ക്കാരിന്റെ അറിവില്ലാതെ ജഡ്ജിമാരെ ബന്ദികളാക്കാന്‍ ജനം മുതിരില്ലെന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും നിഗമനം. ജഡ്ജിമാരെ ബന്ദികളാക്കിയ ഗുരുതരമായ സംഭവത്തിൽ അന്വേഷണം എൻഐഎക്ക് വിട്ടത് മമത ബാനര്‍ജി സര്‍ക്കാരിന് വലിയ ആഘാതമാവും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ ആണ് കേസന്വേഷണം എൻ.ഐ.എയ്‌ക്ക് കൈമാറിയത്.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന ചുമതലയിലായിരുന്ന ഏഴ് ജുഡീഷ്യൽ ഓഫീസർമാരെയാണ് മാൾഡയിലെ കാലിയാചക് 2 ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിൽ വെച്ച് ഒരു ജനക്കൂട്ടം തടഞ്ഞുവെച്ചത്. വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്യുന്നു എന്നാരോപിച്ച് ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി വരെയായിരുന്നു ഉപരോധം. തടഞ്ഞുവെക്കപ്പെട്ടവരിൽ മൂന്ന് വനിതാ ഓഫീസർമാരും ഉൾപ്പെടുന്നു.എൻ.ഐ.എ സംഘം വെള്ളിയാഴ്ച പശ്ചിമ ബംഗാളിലെത്തും. . സംഭവത്തിൽ ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തതെന്ന് ബംഗാൾ പോലീസ് അറിയിച്ചു. മൂന്ന് വനിതകൾ ഉൾപ്പെടെ ഏഴ് ജുഡീഷ്യൽ ഉദ്യോഗസ്ഥരാണ് പ്രതിഷേധക്കാരുടെ കൈകളിൽ അകപ്പെട്ടത്.
















