സൈപ്രസ്: വനിതാ കാന്‍ഡിഡേറ്റ്സ് കിരീടപ്പോരില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷയായ ദിവ്യ ദേശ്മുഖിന് തോല്‍വി. ചൈനീസ് താരം ഷൂ ജിനറോട് തോറ്റതോടെ ഇന്ത്യയുടെ കിരീടപ്രതീക്ഷയായ ദിവ്യ ദേശ്മുഖ് ഒന്നര പോയിന്റോടെ പിന്നിലാണ്.
അതേ സമയം പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. യുഎസ് താരം അന്ന മ്യൂസിചുക്, കസാഖിസ്ഥാന്‍ താരം ബിബിസാര അസോബയേവ എന്നിവര്‍ രണ്ടര പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. അലക്സാന്ദ്ര ഗോരഖ് ചിനയും കാതറിന ലഗ്നോയും രണ്ട് പോയിന്റ് വീതം വൈശാലിക്കൊപ്പം രണ്ടാം സ്ഥാനത്തുണ്ട്.
അതേ സമയം പശ്ചിമേഷ്യന്‍ യുദ്ധം കത്തിക്കാളുന്നതിനാല്‍ ജീവനില്‍ ഭയമുള്ളതുകൊണ്ട് സൈപ്രസില്‍ നടക്കുന്ന മത്സരത്തില്‍ കളിക്കില്ലെന്ന നിലപാടോടെ ഇന്ത്യയുടെ കൊനേരു ഹംപി കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഇറാന്റെ മിസൈല്‍ ആക്രമണത്തിന് വിധേയമായ സ്ഥലമായ സൈപ്രസില്‍ നിന്നും ചെസിലെ വിഖ്യാതമായ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റ് മറ്റൊരു രാജ്യത്തേക്ക് മാറ്റണമെന്ന കൊനേരു ഹംപിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. എന്തായാലും കൊനേരു ഹംപിയുടെ ദുഖം ഇന്ത്യയിലെ മുഴുവന്‍ ചെസ് പ്രേമികളുടെയും വേദനയായി മാറി. ഇക്കുറി ഇന്ത്യന്‍ വനിതാചെസ്സിന്റെ വിജയം കൂടിയായിരുന്നു കാന്‍ഡിഡേറ്റ്സ് ചെസ്സിലേക്ക് മൂന്ന് ഇന്ത്യന്‍ വനിതാതാരങ്ങള്‍ക്ക് പ്രവേശനം ലഭിച്ച സംഭവം. കൊനേരു ഹംപി പിന്മാറിയെങ്കിലും വൈശാലിയും ദിവ്യ ദേശ്മുഖും സൈപ്രസില്‍ നടക്കുന്ന വനിതാ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ കളിക്കുന്നുണ്ട്.
















