മുംബൈ: പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ അപൂർവ്വമായ ചിത്രം, ‘യശോദയും കൃഷ്ണനും’, മുംബൈയിൽ നടന്ന പുണ്ഡോൾസ് (Pundole’s) ലേലത്തിൽ 167.2 കോടി രൂപയ്‌ക്ക് വിറ്റുപോയി. 1901-ൽ വരച്ച ഓയിൽ പെയിൻ്റിങാണിത്. രവിവർമ്മയുടെ ഒരു ചിത്രത്തിന് ലഭിച്ച ഏറ്റവും ഉയർന്ന തുകയായി ഇത് രേഖപ്പെടുത്തി.രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം ഇന്ത്യൻ ലേല രംഗത്തെ പുതിയ നാഴികക്കല്ലായി മാറിയതായി വിദഗ്ധർ വിലയിരുത്തുന്നു.
ഇന്ത്യയിലെ അതിസമ്പന്നനും സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനുമായ സൈറസ് പൂനവാല ആണ് ഇത് സ്വന്തമാക്കിയത്. ചിത്രം എല്ലാവർക്കും കാണാൻ കൃത്യമായ ഇടവേളകളിൽ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിന് മുമ്പ്, ഡൽഹിയിലെ ലേലത്തിൽ എം.എഫ്. ഹുസൈന്റെ ‘ഗ്രാം യാത്ര’ ചിത്രം 118 കോടി രൂപയ്‌ക്ക് വിറ്റു. അത് സ്വന്തമാക്കിയത് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന കിരൺ നാടാർ ആയിരുന്നു.













