കണ്ണൂര്‍:മുഖ്യമന്ത്രിയുടെ ജന്മനാടായ പിണറായിയില്‍ ആവേശമായി ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി റോഡ്‌ഷോ നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പിണറായി പാണ്ട്യാല മുക്കില്‍ നിന്നും ടൗണിലെ പെട്രോള്‍ പമ്പ് വരെയാണ് റോഡ് ഷോ നടത്തിയത്. ധര്‍മ്മടം മണ്ഡലത്തിലെ എന്‍ഡിഎ പ്രചരണത്തിന്റെ ഭാഗമായി പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ സുരേഷ് ഗോപിയുടെ റോഡ്‌ഷോ കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്.
വ്യാഴാഴ്‌ച്ച ഉച്ചയ്‌ക്ക് 12.30ഓടെ ആരംഭിച്ച റോഡ് ഷോ ഒന്നരയോടെ സമാപിച്ചു.എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ. രഞ്ജിത്തും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും റോഡ് ഷോയില്‍ പങ്കെടുത്തു. ബാന്‍ഡ് വാദ്യവും വര്‍ണക്കുടകളും വാദ്യമേളങ്ങളും ഉള്‍പ്പടെ ആഘോഷത്തോടെ ആയിരുന്നു റോഡ്‌ഷോ.പിന്നാലെ ബലിദാനി ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ വീടും സുരേഷ് ഗോപി സന്ദര്‍ശിച്ചു.
ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തലശേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഒ നിധീഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സുരേഷ് ഗോപി എത്തി.തലശേരി വാടിക്കല്‍ രാമകൃഷ്ണമന്ദിര പരിസരം മുതല്‍ തലശേരി പുതിയ ബസ് സ്റ്റാന്റ് വരെ നടന്ന റോഡ്ഷോയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒ. നിധീഷ് ഉള്‍പ്പെടെ നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു.
















