ന്യൂദൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ കസ്റ്റംസ് തീരുവ ഒഴിവാക്കി മോദി സർക്കാർ. പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്കുള്ള കസ്റ്റംസ് തീരുവയാണ് ഒഴിവാക്കിയത്. ജൂൺ 30 വരെയാണ് ഇളവ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് യോഗം ദൽഹിയിൽ ചേർന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ ധനകാര്യ മന്ത്രാലയം പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്കുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കുകയായിരുന്നു.
പെട്രോ-കെമിക്കൽ ഉത്പന്നങ്ങളുടെ ഇ റക്കുമതിയുമായി ബന്ധപ്പെട്ട് ചുമത്തിയിരുന്ന തീരുവ ഒഴിവാകുമ്പോൾ വില വർദ്ധനയെന്ന പ്രതിഭാസം ഇല്ലാതെയാകും. ഇപ്പോൾ നിലവിലുള്ള വിലയിൽ തന്നെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കും. പെട്രോകെമിക്കൽ ഉത്പന്നങ്ങളെ ആശ്രയിക്കുന്ന വ്യവസായങ്ങൾക്ക് ഈ നടപടി ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ. ഇറക്കുമതി തീരുവ നീക്കം ചെയ്യുന്നതിലൂടെ, ഇന്ത്യൻ വ്യവസായങ്ങൾക്ക് അവശ്യമായ അസംസ്കൃത വസ്തുക്കൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ പറ്റും.
പ്ലാസ്റ്റിക്, പാക്കിംഗ്, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽ, ഓട്ടോമോട്ടീവ് മേഖലകൾക്ക് ഈ നടപടി ആശ്വാസമാകും. പെട്രോകെമിക്കൽ ഉത്പന്നങ്ങൾ ഈ വ്യവസായങ്ങളുടെ നട്ടെല്ലായതിനാൽ, ഈ നീക്കം ചിലവ് കുറയ്‌ക്കുകയും ഉത്പാദനം നടക്കുന്നുണ്ടന്ന് ഉറപ്പാക്കുകയും ചെയ്യും. അസംസ്‌കൃത വസ്തുക്കളുടെ വില കുറയുന്നത് ഉത്പന്നങ്ങളുടെ അന്തിമ വിലയിലും പ്രതിഫലിക്കും എന്നാണ് വിലയിരുത്തൽ.
ഇന്ധനലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനും ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വ്യക്തമാക്കി. പശ്ചിമേഷ്യയെ മാത്രം ആശ്രയിക്കുന്നത് കുറച്ച് കൂടുതൽ രാജ്യങ്ങളിൽ നിന്ന് എൽപിജിയും എൽഎൻജിയും എത്തിക്കാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു. ഹോർമുസ് കടലിടുക്കിൽ തടസങ്ങളുണ്ടായാലും വിതരണം മുടങ്ങാതിരിക്കാൻ പുതിയ വിതരണ ശൃംഖലകൾ ഇന്ത്യ ഉറപ്പാക്കുന്നുണ്ട്.
സംഘർഷത്തിന്റെ സാഹചര്യത്തിൽ കേന്ദ്രം രാജ്യത്തെ ഇന്ധന നികുതിയും കുറച്ചിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയിൽ നിന്ന് 3 രൂപയായാണ് കുറച്ചത്. ഇതോടെ പെട്രോളിന്റെ നികുതിയിൽ 10 രൂപയുടെ കുറവുണ്ടായി. ഡീസലിന് നിലവിലുണ്ടായിരുന്ന ലിറ്ററിന് 10 രൂപയുടെ നികുതി മുഴുവനായും നീക്കിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന വില പിടിച്ചുനിർത്താനാണ് സർക്കാർ ശ്രമം.












