
ന്യൂഡൽഹി : കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമിച്ച 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് പിടികൂടി. ഡൽഹിയിലേക്ക് പോകുന്ന നോർത്ത് ഈസ്റ്റ് എക്സ്പ്രസിൽ നിന്ന് പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി റോഡ് സ്റ്റേഷനിൽ വെച്ചാണ് ഇവർ പിടിയിലായത്. നാല് സ്ത്രീകളും നാല് പ്രായപൂർത്തിയാകാത്തവരും സംഘത്തിൽ ഉൾപ്പെടുന്നു.
ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നുവെന്ന് ആർപിഎഫ് ഇൻസ്പെക്ടർ ബിപ്ലബ് ദത്ത പറഞ്ഞു. സംശയാസ്പദമായ വ്യക്തികളുടെ രേഖകൾ പരിശോധിച്ചതിലൂടെയാണ് വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയത് .
അറസ്റ്റിലായവരിൽ നിന്ന് ബംഗ്ലാദേശി കറൻസി, മൊബൈൽ ഫോണുകൾ, മലേഷ്യൻ കറൻസി എന്നിവയും ആർപിഎഫ് കണ്ടെടുത്തു. ബംഗ്ലാദേശിലെ ബാഗർഹട്ട് ജില്ലയിലെ ഫക്കിർബാരിയിൽ നിന്നുള്ളവരാണ് എല്ലാവരും.