മട്ടന്നൂര്‍: ഞാന്‍ നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന എനിക്ക് മനസ്സിലാകും. മട്ടന്നൂരില്‍ ധീര ബലിദാനികളുടെ കുടുംബാംഗങ്ങളോടൊപ്പം സ്‌നേഹ സംഗമത്തിനെത്തിയപ്പോഴാണ് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ഹൃദയം തുറന്നു സംസാരിച്ചത്. ഒരു പ്രത്യയ ശാസ്ത്രത്തിനായി ജീവന്‍ കൊടുത്തവരാണ് നമ്മുടെ കൂടപ്പിറപ്പുകള്‍. ഇന്ന് നമ്മുടെ സംഘടന ലോകത്ത് വലിയ ശക്തിയാണ്. ബലിദാനികളുടെ ജീവത്യാഗം വെറുതേയാകില്ല.
ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലും ഇതുപോലെ നമ്മുടെ സഹോദരങ്ങള്‍ അക്രമത്തിനിരയായിട്ടുണ്ട്. ഉന്മൂലന രാഷ്‌ട്രീയത്തിന്റെ പ്രത്യയ ശാസ്ത്രങ്ങളെ ഇല്ലാതാക്കണം. ആശയപരമായ പോരാട്ടത്തിലൂടെയേ ഇത് സാധ്യമാകൂ. അധികാരത്തിനായല്ല നമ്മുടെ രാഷ്‌ട്രീയ പ്രവര്‍ത്തനം. വീര ബലിദാനികളുടെ കൂടപ്പിറപ്പുകളെ കൂടെ ചേര്‍ത്ത് തന്നെ നമ്മുടെ പ്രസ്ഥാനം മുന്നോട്ടുപോകും.
മലയാളികളുടെ വലിയ ഉത്സവമാണ് ഓണം. ഈ വര്‍ഷത്തെ ഓണാഘോഷത്തിന് നിങ്ങളോടൊപ്പം ഞാനുമുണ്ടാകും. എന്റെ ഹൃദയത്തില്‍ നിന്നെടുത്ത വാക്കുകളാണ് പങ്കുവയ്‌ക്കുന്നതെന്നും നിതിന്‍ നബീന്‍ പറഞ്ഞു.
സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യ വാഹ് പി.പി. സുരേഷ് ബാബു, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്, വി.പി. ഷാജി മാസ്റ്റര്‍, എന്‍ഡിഎ മട്ടന്നൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴി, ജി. കാശിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
















