കേരളത്തില്‍ ആദ്യമായി അയുത ചണ്ഡികാ മഹായാഗത്തിനു വേദിയൊരുങ്ങുന്നു. ജാതി, മത, ലിംഗ, വര്‍ണ ഭേദമില്ലാതെ ദേവീ മഹാത്മ്യം പഠിച്ച് നവാക്ഷരീ മന്ത്രദീക്ഷ സ്വീകരിച്ച, മഹായാഗ പുരശ്ചരണം പൂര്‍ത്തിയാക്കിയ ആയിരം ഉപാസകരാണ് ഈ മഹായാഗത്തില്‍ ഹോമാദി കര്‍മ്മങ്ങള്‍ ചെയ്യുന്നത് എന്നത് ഈ മഹായാഗത്തെ ഏറെ വ്യത്യസ്തമാക്കുന്നു. യാഗ കര്‍മ്മങ്ങള്‍ ചെയ്യുന്ന ഈ ദേവീ ഉപാസകരില്‍ എണ്‍പത് ശതമാനം സ്ത്രീകളാണെന്നതാണ് മറ്റാരു പ്രത്യേകത. സനാതന ധര്‍മ്മ വിശ്വാസികള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ട് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പൂര്‍ണ സമയം യാഗശാലയിലുണ്ടായിരിക്കുമെന്നത് മറ്റൊരനുഗ്രഹം ആണ്.
മലപ്പുറം ജില്ലയിലെ മഞ്ചേരി മുള്ളമ്പാറയിലെ സനാതന ധര്‍മ്മസേവാ കേന്ദ്രമാണ് 2026 ഏപ്രില്‍ 5 മുതല്‍ 10 വരെ നടക്കുന്ന ഈ മഹായാഗത്തിന് പുണ്യഭൂമിയാകുന്നത്. എല്ലാ ഭക്തജനങ്ങള്‍ക്കും ഈ മോക്ഷഭൂമിയിലെത്തി യാഗഫലസിദ്ധി നേടാം. യാഗത്തില്‍ ഭാഗഗഭാക്കായി എല്ലാവര്‍ക്കും ദേവിയുടെ അനുഗ്രഹമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
അയുത ചണ്ഡികാ മഹായാഗം എന്ത്? എന്തിന്?
സനാതന ധര്‍മ്മത്തിലെ വേദങ്ങളും, പുരാണങ്ങളും, ഇതിഹാസങ്ങളുമടങ്ങിയ ആയിരക്കണക്കിന് ഗ്രന്ഥങ്ങളിലെ അമൃതായ, ഒരു വ്യക്തിയുടെ ഭൗതികവും, അദ്ധ്യാത്മികപരവുമായ ഉയര്‍ച്ചക്ക് വളരെ ശ്രേഷ്ഠകരമായ ദേവീമാഹാത്മ്യം – (ദുര്‍ഗ്ഗാ സപ്തശതി) പതിനായിരം (അയുതം) പ്രാവശ്യം പാരായണം ചെയ്ത് നവാക്ഷരി മന്ത്രം ഒരു കോടി ജപം നടത്തി മഹാകാളിയും, മഹാലക്ഷ്മിയും, മഹാസരസ്വതിയുമായ ചണ്ഡികയെ നിറഞ്ഞ തപഃശക്തിയോടെ, സങ്കീര്‍ണങ്ങളായ താന്ത്രിക ഹോമക്രിയകളിലൂടെ ആരാധിക്കുന്ന വളരെ പ്രാധാന്യമഹര്‍ഹിക്കുന്നതും കേരളത്തില്‍ ഇന്ന് വരെ നടന്നിട്ടില്ലാത്തതുമായ ഒന്നാണ് അയുത ചണ്ഡികാ മഹായാഗം. മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ അദ്ധ്യക്ഷതയില്‍, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ശ്രീലളിതാ മഹിളാസമാജം മഠാധിപതിയും, അദ്ധ്യാത്മിക തേജസ്സുമായിരുന്ന ‘ശ്രീലശ്രീ മാതാ ശ്രീ വിദ്യാംബ സരസ്വതിയുടെ’ ശിഷ്യരായ മാതാ ശിവയോഗിനിമാരാണ് ചടങ്ങുകള്‍ക്ക് ആചാര്യസ്ഥാനം വഹിക്കുന്നത്. ആകെ 11 ഹോമകുണ്ഡങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പത്തെണ്ണം അയുത ചണ്ഡികാ മഹായാഗത്തിനും ഒരെണ്ണം അഷ്ട ദ്രവ്യ മഹാഗണപതി ഹോമത്തിനും നവാക്ഷരീ ഹോമത്തിനുമാണ്.
ചടങ്ങുകള്‍ എവിടെയെല്ലാം?
ചണ്ഡികാപുരി എന്ന് പേരിട്ട സനാത ധര്‍മ്മസേവാ കേന്ദ്രത്തിലാണ് യാഗശാല ഒരുക്കിയിരിക്കുന്നത്. വാക്കേതൊടി ശ്രീ കരിങ്കാളികാവ് ഭഗവതി ക്ഷേത്രം (കാളീപുരി), വി.കെ. പാലസ് ഓഡിറ്റോറിയം(മാര്‍ക്കണ്ഡേയ പുരി) എന്നിവിടങ്ങളില്‍ അനുബന്ധ ചടങ്ങുകളും നടക്കുന്നു.
യാഗശാലയായ ചണ്ഡികാപുരിയില്‍ വേദജപം, ഗണേശ പഞ്ചരത്‌നം, ഗണപതി ഹോമം, ഗോപൂജ, ശ്രീചക്ര പൂജ, യാഗ സന്ദേശം, ദേവീമാഹാത്മ്യ പാരായണം, നവാക്ഷരി മന്ത്ര ജപം, മഹാ ചണ്ഡികാ ഹോമം, പൂര്‍ണാഹൂതി എന്നിവ നടക്കും.
ചണ്ഡികാ ഹോമം ഏപ്രില്‍ 7 മുതല്‍ 10 വരെ രാവിലെ 7 മുതല്‍ ഒരു മണി വരെയാണ് നടക്കുക. ഹോമ പ്രസാദം ഏപ്രില്‍ 7ന് ഉച്ച മുതല്‍ 10 വരെ ലഭിക്കും.) ഏപ്രില്‍ 6 മുതല്‍ 9 വരെ ഉച്ചക്ക് ശേഷം ദേവീ മാഹാത്മ്യ പാരായണവും നടക്കും.
കാളീപുരിയില്‍ അഖണ്ഡ സഹസ്രനാമ ജപം, ലക്ഷാര്‍ച്ചന, ത്രികാലപൂജ, മറ്റ് വിശേഷാല്‍ പൂജകള്‍ എന്നിവയും മാര്‍ക്കണ്ഡേയ പുരിയില്‍ അന്ന പ്രസാദം, യാഗ വിചാര സദസ്സുകള്‍, പ്രഭാഷണങ്ങള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവയും നടക്കും. വരുന്നവര്‍ക്കെല്ലാം പ്രസാദമായി ഉച്ചഭക്ഷണം നല്‍കുന്നതിന് വിപുലമായ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രീ ജഗത്ജനനിയായ അമ്മയുടെ പ്രീതിക്കായി നമുക്ക് ചെയ്യാവുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതും, ഐശ്വര്യപൂര്‍ണ്ണവുമായ ഒരു വഴിപാടാണ് ചണ്ഡികാ ഹോമം. യാഗശാല സന്ദര്‍ശിച്ച് ജപ, പാരായണങ്ങളില്‍ പങ്കാളിയായി വ്യക്തിയുടെയും കുടുംബത്തിന്റെയും ആത്മീയവും ഭൗതികവുമായ ശാക്തീകരണത്തിനുതകുന്ന ചണ്ഡികാ ഹോമം കഴിച്ച് പ്രദക്ഷിണ നമസ്‌കാരങ്ങള്‍ ചെയ്ത് വിശേഷാല്‍ യാഗപ്രസാദം എല്ലാ സജ്ജനങ്ങള്‍ക്കും സ്വീകരിക്കാവുന്നതാണ്. ഈ മഹായാഗത്തിന്റെ പ്രാധാന്യവും, മാഹാത്മ്യവും പ്രിയപ്പെട്ടവരിലേക്ക് പകരുന്നതോടൊപ്പം ഒരു ചണ്ഡികാ ഹോമത്തിലൂടെയെങ്കിലും ഓരോ കുടുംബങ്ങളും ഈ മഹായാഗത്തില്‍ പങ്കാളിയായി അമ്മയുടെ അനുഗ്രഹം നേടണം.
സമര്‍പ്പണം എങ്ങിനെ?
അയുത ചണ്ഡികാ മഹായാഗത്തില്‍ ഭക്തര്‍ക്ക് അവരവരുടെ കഴിവിനനുസരിച്ച് സമര്‍പ്പണം ചെയ്യാവുന്നതാണ്. ഒരു ദിവസത്തെ യാഗശാല ചടങ്ങുകള്‍ (ഹോമം, പൂജകള്‍, പാരായണം) (2,50,000 രൂപ), ഒരു ദിവസത്തെ മഹാ ചണ്ഡികാ ഹോമ സമര്‍പ്പണം (50,000 രൂപ), മഹാ ശ്രീചക്രപൂജ (10,000 രൂപ), ഒരു ദിവസത്തെ ദീപാരാധന (5,001 രൂപ), ഒരു ദിവസത്തെ അലങ്കാര പൂജ (5,001 രൂപ), ഒരു ദിവസത്തെ ദേവീ മാഹാത്മ്യ പാരായണം (10,000 രൂപ), സുവാസിനീ പൂജ (108 സുമംഗലികള്‍ക്ക് – 50,000 രൂപ) കുമാരീ പൂജ (54 കുമാരികള്‍ക്ക് – 25,000 രൂപ), വടുക പൂജ (27 ആണ്‍കുട്ടികള്‍ക്ക് – 20,000 രൂപ), വിശേഷാല്‍ മഹാഗണപതി ഹോമം നിത്യേന (10,001 രൂപ), വിശേഷാല്‍ കൃഷ്ണ കാളീ പൂജ നിത്യേന (5,001 രൂപ), ഒരു ദിവസത്തെ ദേവീ മാഹാത്മ്യ പാരായണ സമര്‍പ്പണം (8,000 രൂപ), മഹാചണ്ഡികാ പൂര്‍ണാഹൂതി (ഒരു കുടുംബത്തിന്) (5000 രൂപ), ചണ്ഡികാ ഹോമം (ഒരു വ്യക്തിക്ക്) (1000 രൂപ) എന്നിങ്ങനെയാണ് ഹോമാദി ചടങ്ങുകള്‍ക്ക് സമര്‍പ്പിക്കാവുന്നത്.
ഒരു ദിവസത്തെ അന്നദാനം (ഒരു ലക്ഷം രൂപ), ഒരു നേരത്തെ അന്നദാനം (50,000 രൂപ), ഒരു ദിവസത്തെ ശാസ്ത്ര വിചാരം (10,001 രൂപ) എന്നിവയും സമര്‍പ്പണം ചെയ്യാവുന്നതാണ്. കൂടാതെ അന്നദാനത്തിനായി യഥാവിധി സമര്‍പ്പണവും നടത്താം
മഹായാഗത്തിന്റെ ലക്ഷ്യം
ലോകസമാധാനവും രാഷ്‌ട്രരക്ഷയും സര്‍വ്വോപരി വ്യക്തിയുടേയും കുടുംബത്തിന്റേയും സമാജത്തിന്റേയും ക്ഷേമൈശ്വര്യവുമാണ് ഈ മഹായാഗത്തിന്റെ ലക്ഷ്യം.
സനാതന ധര്‍മ്മത്തിനും രാഷ്‌ട്രത്തിനും വ്യക്തിക്കും ഭയത്തെ അതിജീവിച്ച് അന്ധകാരത്തെ നീക്കി ജ്യോതിയെ പകരുന്ന ആദിപരാശക്തിയിലൂടെ ശക്തിയെ സംഭരിക്കുവാന്‍ എല്ലാവര്‍ക്കും കഴിയുമാറാകട്ടെ എന്ന കാഴ്ചപ്പാടോടെയാണ് ഈ മഹായാഗം നടത്തുന്നത്.
സനാത ധര്‍മ്മ മഹിമ വാനോളം ഉയര്‍ത്തി ഭാരതം അജയ്യമായി കുതിക്കുന്ന അവസരത്തില്‍ ലോകം മുഴുവന്‍ ഭാരത മാതാവിനെ കൈകൂപ്പുന്ന അമൃതകാല പ്രഭയില്‍ ഭാരത രാഷ്‌ട്രത്തിന്റെ മൂലകുണ്ഡമാകുന്ന പരശുരാമ ക്ഷേത്രത്തില്‍ ജ്വലിക്കുന്ന പ്രചണ്ഡമായ ശക്തിയെ ഹിമവത്പര്യന്തം ചേര്‍ക്കുന്ന ഈ മഹായാഗത്തിലേക്ക് മുഴുവന്‍ സജ്ജനങ്ങളേയും ക്ഷണിക്കുന്നതോടൊപ്പം ഏവരുടെയും സാന്നിദ്ധ്യ, സാമ്പത്തിക സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് അയുത ചണ്ഡികാ മഹായാഗ നിര്‍വാഹ സമിതി അഭ്യര്‍ത്ഥിക്കുന്നു.
മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ആണ് മഹായാഗ നിര്‍വാഹ സമിതി അദ്ധ്യക്ഷന്‍. തന്ത്രി ഡോ. മൊടപ്പിലാപള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട് കാര്യാദ്ധ്യക്ഷനാണ്. മാധവപള്ളി ശ്രീധരന്‍ നമ്പൂതിരി മുഖ്യ സംയോജകനുംഎം. കൃഷ്ണപ്രഗീഷ് പൊതു കാര്യദര്‍ശിയുമാണ്.
















