
ന്യൂദൽഹി: വിവാഹസമയത്ത് ഒരു സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിന്മേൽ അവൾക്ക് മാത്രമാണ് പൂർണ്ണ അധികാരമെന്ന് അലഹബാദ് ഹൈക്കോടതി. അത്യാവശ്യ ഘട്ടങ്ങളിൽ ഭർത്താവിന് ഈ സ്വത്ത് ഉപയോഗിക്കാമെങ്കിലും, അത് തിരികെ നൽകാൻ അദ്ദേഹത്തിന് ധാർമ്മിക ബാധ്യതയുണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അനാമിക തിവാരി എന്ന യുവതിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഭർത്താവ് നൽകിയ പരാതിയിലാണ് ജസ്റ്റിസ് ചവാൻ പ്രകാശിന്റെ ഉത്തരവ്. വിവാഹസമയത്ത് ലഭിക്കുന്ന സ്വത്ത് ഭാര്യയുടെയും ഭർത്താവിന്റെയും സംയുക്ത സ്വത്തല്ല. അത് സ്ത്രീയുടെ മാത്രം സ്വത്താണ്. ഇത്തരത്തിൽ ലഭിച്ച തന്റെ സ്വത്ത് സ്ത്രീ കൈകാര്യം ചെയ്യുന്നതിൽ ഐ പി സി സെക്ഷൻ 406 വിശ്വാസവഞ്ചന പ്രകാരം ഒരു സ്ത്രീക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കഴിയില്ല. ഭർത്താവിനോ വീട്ടുകാർക്കോ ഈ സ്വത്തിന്മേൽ യാതൊരു നിയന്ത്രണവുമില്ല.
2012-ൽ വിവാഹിതയായ അനാമിക, സ്ത്രീധന പീഡനത്തിന് ഭർത്താവിനെതിരെ നേരത്തെ കേസുകൊടുത്തിരുന്നു. ഇതിന് പിന്നാലെ ഭാര്യ തന്റെ വീട്ടിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും എടുത്തു കൊണ്ടുപോയി എന്ന് ആരോപിച്ച് ഭർത്താവ് പരാതി നൽകി. ഈ പരാതിയിൽ കീഴ്‌ക്കോടതി പുറപ്പെടുവിച്ച സമൻസ് ഹൈക്കോടതി റദ്ദാക്കി. സ്വന്തം ഉടമസ്ഥതയിലുള്ള ആഭരണങ്ങൾ എടുത്തു കൊണ്ടുപോകുന്നത് ‘വിശ്വാസവഞ്ചന’യായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഭർത്താവ് നൽകിയ പരാതിയിൽ, 2018 സെപ്റ്റംബറിൽ ഭാര്യയും മറ്റു ഹർജിക്കാരും തന്റെ വീട്ടിൽ കയറി 6,400 രൂപയും ഏകദേശം 1.5ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ചില ഗൃഹോപകരണങ്ങളും കൊണ്ടുപോയെന്ന് ഭര്‍ത്താവ് ആരോപിച്ചു. ഭർത്താവിന്റെ പരാതിയും സാക്ഷിമൊഴികളും അടിസ്ഥാനമാക്കി, ഭാര്യയെയും ബന്ധുക്കളെയും വിചാരണ നേരിടാൻ മജിസ്ട്രേറ്റ് സമൻസ് ചെയ്തു. ഇത് ചോദ്യം ചെയ്താണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.
ഐപിസി സെക്ഷനുകൾ 405ഉം 406ഉം പരിശോധിച്ച കോടതി, ഏതെങ്കിലും സ്വത്ത് ഒരാൾക്ക് കൈമാറ്റം ചെയ്യുകയും, ആ വ്യക്തി അത് ദുർവിനിയോഗം ചെയ്യുകയോ സ്വന്തം ഉപയോഗത്തിനായി മാറ്റുകയോ ചെയ്താൽ ക്രിമിനൽ വിശ്വാസവഞ്ചന കുറ്റം രൂപപ്പെടുമെന്ന് നിരീക്ഷിച്ചു. എന്നാൽ, ഭാര്യ അവളുടെ’സ്ത്രീധന’ത്തിന്റെ കേവല ഉടമസ്ഥതയുള്ള ആളായതിനാൽ, ആഭരണങ്ങൾ കൊണ്ടുപോയെന്ന ആരോപണത്തിൽ ഐപിസി സെക്ഷൻ 406 പ്രകാരം കുറ്റം രൂപപ്പെടുന്നില്ലെന്നും കോടതി വിധിച്ചു.