കോഴഞ്ചേരി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരാന്‍ നടത്തുന്ന പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം എന്നും നിലകൊള്ളുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആറന്മുള മണ്ഡലത്തിലെ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി ഓമല്ലൂരില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബ വീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെ നീറുന്ന വേദനക്കിടയില്‍ ചെറിയ ആശ്വാസമാണ് പുനരന്വേഷണത്തിനുള്ള കോടതി വിധിയെന്ന് മഞ്ജുഷയുടെ അമ്മ ഓമനക്കുട്ടി കുമ്മനത്തോട് പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ലന്ന ഉറച്ച നിലപാടിലാണ് കുടുംബം. ഭരണകൂടം സത്യം മറയ്‌ക്കാന്‍ കൂട്ട് നില്‍ക്കുകയാണ്. സംഭവത്തില്‍ അന്നത്തെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും പങ്കുണ്ട്. സിപിഎം നേതൃത്വം ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ജനങ്ങള്‍ നല്ലത് മാത്രം പറയുന്ന ഉദ്യോഗസ്ഥനായിട്ടും സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും മരണത്തിന് കാരണമായവരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. തെളിവ് നശിപ്പിക്കാന്‍ ആഭ്യന്തര വകുപ്പും ആരോഗ്യവകുപ്പും കൂട്ടുനിന്നു. പാര്‍ട്ടി ഭരണത്തിന്‍ കീഴിലുള്ള ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരല്ലേ പോസ്റ്റുമോര്‍ട്ടം ചെയ്തതെന്ന ബന്ധുവിന്റെ ചോദ്യം സംസ്ഥാന ഭരണത്തിന്റെ ജീര്‍ണതയാണ് പുറത്ത് കൊണ്ടുവരുന്നത്. സ്വന്തം ജില്ലയിലെ മികച്ച റവന്യൂ ഉദ്യേഗസ്ഥനായിട്ടും ആരോഗ്യമന്ത്രി നവീന്‍ ബാബുവിന്റെ കുടുംബത്തെ കൈവിട്ടു. സത്യം, നീതി, ധര്‍മ്മം എന്നിവ നാട്ടില്‍ പുലരുന്നത് ഭരണാധിപന്മാരുടെ മികവിന്റെ അടിസ്ഥാനത്തിലാണ്. സിപിഎമ്മിനെ സ്‌നേഹിച്ച് ഒപ്പം നിന്നവര്‍ക്ക് പോലും നീതി നിഷേധിക്കപ്പെടുന്നതില്‍ പാര്‍ട്ടി അണികളില്‍ വലിയ അമര്‍ഷമുണ്ടെന്നും അത് ഇത്തവണ വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും കുമ്മനം പറഞ്ഞു. ആവശ്യമെങ്കില്‍ കുടുംബത്തിന് നിയമസഹായം നല്‍കാനും തയാറാണെന്ന് അദ്ദേഹം അറിയിച്ചു.















