കൊച്ചി: ലൈംഗിക പരാതിക്ക് പിന്നാലെ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി.
അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്റെ വസതിയിലാണ് രഞ്ജിത്തിനെ എത്തിച്ചത്. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു.
നേരത്തെ, ശാരീരികാസ്വസ്ഥ്യം നേരിട്ട രഞ്ജിത്തിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നും വനിതാ പോലീസ് സ്റ്റേഷനിൽ എത്തിച്ച രഞ്ജിത്തിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പോലീസിന് കൈമാറി. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി.
കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി പറയുന്നത്. ഇതിനിടെ പുറത്തേയ്ക്ക് ഓടിയ നടി സഹപ്രവര്‍ത്തകരോട് കാര്യം പറഞ്ഞു. കോട്ടയത്തെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്.
ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
















