
ആറ്റിങ്ങലില്‍ എന്‍ഡിഎ സംഘടിപ്പിച്ച റോഡ് ഷോയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ സ്ഥാനാര്‍ത്ഥി പി. സുധീറിനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
ആറ്റിങ്ങല്‍: എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്ന പാര്‍ട്ടികളാണെന്നും ഇവരില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ബിജെപിയെ വിജയിപ്പിക്കണമെന്നും ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി. സുധീറിന്റെ പ്രചാരണാര്‍ത്ഥം ആറ്റിങ്ങലില്‍ സംഘടിപ്പിച്ച റോഡ് ഷോയ്‌ക്ക് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ക്ക് ബദല്‍ കണ്ടെത്തേണ്ടതുണ്ട്. അവര്‍ ഒത്തുകളിക്കുന്നവരാണ്. ഈ മാച്ച് ഫിക്‌സിങ് പാര്‍ട്ടികളായ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും കേരളത്തിലെ ജനങ്ങളെ പുറത്തുകൊണ്ടുവരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാട് ഇവിടെയും വരണം.
പ്രധാനമന്ത്രി എപ്പോഴും കേരളത്തിലെ ജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. ‘വികസിത കേരളം’ എന്ന കാഴ്ചപ്പാട് അദ്ദേഹം നമുക്ക് നല്‍കിയിട്ടുണ്ട്. വികസനത്തിനായി ആ കാഴ്ചപ്പാട് ഇവിടെ വരണം. നമ്മള്‍ ഒരു ‘ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍’ രൂപീകരിക്കുമെന്നും അതിനായി ബിജെപിയെ ഈ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി. സുധീര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, തിരുവനന്തപുരം നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ ആര്‍.എസ്. റജികുമാര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു. ഉച്ചയ്‌ക്ക് 12.30 ഓടെ ആറ്റിങ്ങല്‍ മൂന്ന് മുക്ക് ജങ്ഷനില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ ഒന്നരയോടെ കച്ചേരി നട ജങ്ഷനില്‍ സമാപിച്ചു.