കോഴിക്കോട് : ട്രെയിനിന് നേരേ ഉണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജരും ഫറോക്ക് പൊലീസ് അസി. കമ്മീഷണറും അന്വേഷണം നടത്തി റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കണമെന്ന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
പുറമേരി സ്വദേശിനി 22കാരിയായ ഐശ്വര്യ രാമകൃഷ്ണനാണ് കല്ലേറില്‍ പരിക്കേറ്റത്.ആലുവ യു സി കോളേജില്‍ പഠിക്കുന്ന യുവതിയുടെ താടി എല്ലിനാണ് പരിക്കേറ്റത്. പല്ലുകളും നഷ്ടമായി.
കഴിഞ്ഞ രാത്രി 9.50ന് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കടലുണ്ടിക്കും ഫറോക്കിനുമിടയിലാണ് കല്ലേറുണ്ടായത്. അതേ സ്ഥലത്ത് വച്ച് തന്നെ വന്ദേഭാരതിന് നേരെയും കല്ലെറുണ്ടായി.
















