കൊല്ലം: മൊത്തം 55 മിനിറ്റ്. ആദ്യത്തെ അരമണിക്കൂര്‍ ആമുഖം പറച്ചില്‍ തന്നെ. അതിന് ശേഷം പാര്‍ട്ടിചാനല്‍ വക സര്‍ക്കാരിന്റെ ഭാവിഭദ്രതയ്‌ക്കുള്ള ആദ്യചോദ്യം. അടുത്തത് പാര്‍ട്ടിപത്രത്തിന്റെ പ്രതിനിധിയുടെ ചോദ്യം. ഇടയ്‌ക്ക് മറ്റ് പത്രക്കാരും ചാനലുകാരും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒച്ച ഉയര്‍ത്തി ചോദിക്കുന്ന പാര്‍ട്ടിചാനലിന്റെയും പാര്‍ട്ടി പത്രത്തിന്റെയും പ്രതിനിധികള്‍ക്ക് മാത്രം മറുപടി.
അതും ദീര്‍ഘനേരമെടുത്ത്. ഒടുവില്‍ എല്ലാവരോടും കൂടി ‘ശരി നിര്‍ത്താം, ബാക്കിയെല്ലാം നാളെ….’ ഇതായിരുന്നു ഇന്നലെ കൊല്ലം ബീച്ച് ഹോട്ടലില്‍ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം.
ചോദ്യം ചോദിക്കാന്‍ അവസരം നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകരിലൊരാള്‍ മുഖ്യമന്ത്രിയോട് ഉച്ചത്തില്‍ തന്നെ പറഞ്ഞു. ‘ഇത് മോശമാണ് സിഎമ്മെ… താങ്കളാണ് ഏറ്റവും കൂടുതല്‍ പത്രസമ്മേളനം നടത്തുന്ന ഭാരതത്തിലെ മുഖ്യമന്ത്രിയെന്നൊക്കെയാണ് ബ്രിട്ടാസ് അവകാശപ്പെട്ടത്. പാര്‍ട്ടി പത്രത്തിനും ചാനലിനും മാത്രമാണ് മറുപടിയെങ്കില്‍ ഞങ്ങളുടെ സമയം മിനക്കെടുത്തിയത് എന്തിനാണ്. അവരെ മാത്രം ഇരുത്തി പറഞ്ഞാല്‍ മതിയല്ലോ….’ ശബ്ദമുയര്‍ത്തിയുള്ള ആ ചോദ്യം കേട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്ന് നിന്നു. കണ്ണുചുവന്ന് തിരിഞ്ഞ് കസേരയിലേക്ക്. വീണ്ടും മൈക്ക് ഓണാക്കി, മാധ്യമപ്രവര്‍ത്തകരെ പിന്നെയും അപമാനിച്ചു. ‘ചോദ്യമുണ്ടെങ്കില്‍ ചോദിക്കണം, മനസില്‍ വച്ചാല്‍ പോരാ…’ പിന്നാലെ എഴുന്നേറ്റ് നടന്നുപോയി.
വാദിയെ പ്രതിയാക്കുന്ന ഈ ഏര്‍പ്പാടിന്റെ പേരാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനമെന്ന് ഇതോടെ എല്ലാവര്‍ക്കും ബോധ്യമായി. മുഖ്യമന്ത്രിക്കൊപ്പം വന്ന സിപിഎം നേതാക്കള്‍ക്ക് അറിയേണ്ടത് മുഖ്യമന്ത്രിയെ തിരിച്ചെത്തിച്ച മാധ്യമപ്രവര്‍ത്തകന്റെ പേരും വിലാസവും മറ്റുമായിരുന്നു. മുഖ്യമന്ത്രി യാത്രയായതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരിലേക്ക് മുഖ്യമന്ത്രിയെ ന്യായീകരിച്ച് പാര്‍ട്ടിചാനലിന്റെയും പത്രത്തിന്റെയും പ്രതിനിധികളുടെ ആക്രോശം. ‘ഇങ്ങനെ തന്നെയായിരിക്കും പത്രസമ്മേളനം. വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ഞങ്ങളെ ചോദ്യം ചോദിക്കാന്‍ സമ്മതിച്ചില്ലല്ലോ….’ സഹപ്രവര്‍ത്തകരുടെ നിറംമാറ്റം കണ്ട് അന്ധാളിപ്പ് പടര്‍ന്നു. എല്ലാത്തിനും മൂകസാക്ഷിയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണമിങ്ങനെ; ‘എന്റെ നാല് പതിറ്റാണ്ടിന്റെ മാധ്യമപ്രവര്‍ത്തനത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഒത്തിരി ചോദ്യങ്ങളുമായാണ് വന്നത്. ഒരു ചോദ്യം പോലും ചോദിക്കാനുള്ള അവകാശമില്ലാതായി…’
















