ശാസ്താംകോട്ട: കുന്നത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍. രാജി പ്രസാദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് ബിജെപി ദേശീയ സമിതി അംഗവും തെന്നിന്ത്യന്‍ താരറാണിയുമായ ഖുശ്ബു പങ്കെടുത്ത വമ്പിച്ച റോഡ് ഷോ. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന പരിപാടി മണ്ഡലത്തിലെ എന്‍ഡിഎയുടെ ആവേശത്തെ കൊടുമുടിയിലെത്തിച്ചു.
ആഞ്ഞിലിമൂട്ടില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ ഭരണിക്കാവ് ജങ്ഷനില്‍ വമ്പിച്ച ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്. ഹരിപ്പാട് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കൊട്ടാരക്കരയില്‍ എത്തിയ ഖുശ്ബു, അവിടെ നിന്ന് കാര്‍ മാര്‍ഗമാണ് ശാസ്താംകോട്ടയില്‍ എത്തിയത്. പ്രിയ താരത്തെയും സ്ഥാനാര്‍ത്ഥിയെയും കാണാന്‍ റോഡിന് ഇരുവശങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
നൂറുകണക്കിന് ബൈക്കുകളും കാറുകളും അണിനിരന്ന റാലിയില്‍ ഉടനീളം ജനങ്ങള്‍ കൈവീശി അഭിവാദ്യം അര്‍പ്പിച്ചു. പ്രവര്‍ത്തകരുടെ ആവേശം മണ്ഡലത്തിലെ വിജയപ്രതീക്ഷ ഇരട്ടിയാക്കുന്നതാണെന്ന് റോഡ് ഷോയ്‌ക്ക് ശേഷം ഖുശ്ബു പ്രതികരിച്ചു. കേന്ദ്ര പ്രതിനിധിയായ ദീപക് മിശ്ര, തെരഞ്ഞെടുപ്പ് കണ്‍വീനര്‍ ജി. ഗോപിനാഥ്, മണ്ഡലം പ്രസിഡന്റുമാരായ സന്തോഷ് ചിറ്റേടം, ധനേഷ് പുളിന്താനം എന്നിവര്‍ ഖുശ്ബുവിനൊപ്പം ഉണ്ടായിരുന്നു.
















