Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ചെങ്കല്‍ രാജശേഖരന്‍ നായരെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സിനിമാതാരവും, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദര്‍ ഇന്ന് നെയ്യാറ്റിന്‍കരയില്‍ എത്തും.

ഇന്ന് വൈകിട്ട് 4ന് നെയ്യാറ്റിന്‍കര ശ്രീരാഗം ആഡിറ്റോറിയത്തില്‍ നടക്കുന്ന നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ ഖുശ്ബു, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ സംസാരിക്കും. കണ്‍വെന്‍ഷന് മുന്നോടിയായി നെയ്യാറ്റിന്‍കരയില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോയിലും ഖുശ്ബു പങ്കെടുക്കും.

നാടെങ്ങും മഹാസമ്പര്‍ക്കം, വോട്ടുതേടി ദേവാലയങ്ങളിലും. നിയോജകമണ്ഡലത്തിലെ മുഴുവന്‍ പ്രദേശത്തും ഇന്നലെ മഹാസമ്പര്‍ഗ്ഗം നടത്തി എന്‍ഡിഎ പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥിയുടെ ഭാര്യയും സിനിമാതാരവുമായ രാധ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു.

ഇന്നലെ രാവിലെ ചെങ്കല്‍ കുറ്റാമത്ത് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചെങ്കല്‍ രാജശേഖരന്‍ നായര്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ക്ഷേത്ര ഭാരവാഹികളും ഭക്തരും ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. തുടര്‍ന്ന് ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സന്ദര്‍ശിച്ചു. വികാരി ഫാദര്‍ ഷൈജുകുമാറും വിശ്വാസികളും സ്ഥാനാര്‍ത്ഥിക്ക് കുരുത്തോല സമ്മാനിച്ചു.

വട്ടവിളയിലെ വ്യാപാരികളെയും വോട്ടര്‍മാരെയും കണ്ട് വോട്ടഭ്യര്‍ത്ഥിച്ച ശേഷം ചെങ്കലെത്തിയപ്പോള്‍ ജന്മനാട് വരവേറ്റു. അലത്തറയ്‌ക്കല്‍ വേങ്ങമണ്‍ ശ്രീനാഗരാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അതിയന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കമുകിന്‍കോട് സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാദര്‍ സജി തോമസിനെ സന്ദര്‍ശിച്ച ചെങ്കല്‍ രാജശേഖരന്‍ നായര്‍ തിരുപുറം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഭക്തരോട് വോട്ടഭ്യര്‍ത്ഥിച്ചു.

വൈകിട്ട് പെരുമ്പഴുതൂരില്‍ ഏര്യാ തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു. ആലറ ഭദ്രകാളി ദേവീക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തിലും, വടകോട് ശ്രീകണ്ഠന്‍ ശാസ്താ ക്ഷേത്ര ഉത്സവത്തിലും, വഴുതൂര്‍ ഇലങ്കം ഭഗവതി ക്ഷേത്ര ഉത്സവത്തിലും പങ്കെടുത്ത് ഭക്തരോട് വോട്ടഭ്യര്‍ത്ഥിച്ചു.

Recent Posts