കൊച്ചി:: വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വിലയിടിവ്. കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വില കൂപ്പുകുത്തി.ഇതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. ഉത്പാദന ചെലവ് 50 ശതമാനത്തോളം വര്‍ധിച്ച സാഹചര്യത്തില്‍ വിലയിടിവ് മൂലം കര്‍ഷകര്‍ നട്ടംതിരിയുകയാണ്.
കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൈതച്ചക്ക വിലയില്‍ പകുതിയോളം കുറവാണ് രേഖപ്പെടുത്തിയത്. സ്‌പെഷല്‍ ഗ്രേഡ് കൈതച്ചക്കയ്‌ക്ക് 2024ല്‍ കിലോയ്‌ക്ക് 50 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ വെറും 34 രൂപ മാത്രമാണ് കിട്ടുന്നത്. 2023-24 കാലഘട്ടത്തില്‍ 53 രൂപയുണ്ടായിരുന്ന പഴുത്ത കൈതച്ചക്കയ്‌ക്ക് ഇപ്പോള്‍ 33 രൂപയാണ് വിപണി വില. പച്ച കൈതച്ചക്കയ്‌ക്ക് കിലോയ്‌ക്ക് 32 രൂപയായി വില താഴ്ന്നു.
കനത്ത ചൂട് മൂലം കൈതച്ചക്ക പാകമാകാന്‍ സാധാരണയേക്കാള്‍ 20 ദിവസം അധികമെടുത്തു. റംസാന്‍ വിപണി ലക്ഷ്യമിട്ട് നടക്കേണ്ടിയിരുന്ന വിളവെടുപ്പ് ഇതോടെ വൈകി. ഇപ്പോള്‍ എല്ലാ തോട്ടങ്ങളിലും ഒരേസമയം വിളവെടുപ്പ് നടന്നതോടെ വിപണിയില്‍ ലഭ്യത കൂട്ടി. റംസാനും ഹോളിയും ഒരേസമയം വന്നത് ഉത്തരേന്ത്യയിലേക്കുള്ള ലോറി സര്‍വീസുകളെ ബാധിച്ചു. ഡ്രൈവര്‍മാര്‍ അവധിയില്‍ പോയതോടെ ലോറി ക്ഷാമം മൂലം കൈതച്ചക്ക വിളവെടുത്ത് ലോഡുകള്‍ കയറ്റി അയയ്‌ക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി.
അപ്പോള്‍ വിളവെടുക്കാന്‍ കഴിയാതിരുന്ന കൈതച്ചക്ക പഴുത്ത് വിപണിയിലേക്ക് വലിയ തോതില്‍ എത്തിയതോടെ വിലയിടിവിന് ആക്കം കൂടി. വിപണിയില്‍ പ്രതീക്ഷിച്ച ഡിമാന്‍ഡ് ഇല്ലാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
സ്‌കൂള്‍ അവധി തുടങ്ങുന്നതോടെ ജൂസ് കടകളിലും മറ്റും കൈതച്ചക്ക ഉപയോഗം കൂടുമെന്നും ഈസ്റ്റര്‍, വിഷു തുടങ്ങിയ ആഘോഷങ്ങള്‍ വരുന്നതോടെ വിപണിയില്‍ ആവശ്യമധികരിക്കുമെന്നുമാണ് കര്‍ഷകരുടെ പ്രതീക്ഷ.
















