തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ ആളുകളെ തേടി തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം. തിരുവനന്തപുരത്ത് തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ‘hirearn’ ആപ്പിലാണ് സന്ദേശം എത്തിയത് എന്നാണ് വിവരം.
വട്ടിയൂര്‍ക്കാവില്‍ വൈകിട്ട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 20 പേരെ ആവശ്യപ്പെട്ട് കൊണ്ടുള്ള പരസ്യം ആപ്പില്‍ പ്രത്യക്ഷപ്പെട്ടതായാണ് ആരോപണം.പങ്കെടുക്കുന്നവര്‍ക്ക് 511രൂപയും ഭക്ഷണവും വാഗ്ദാനം ചെയ്തുള്ള പരസ്യമാണ് വന്നത്. വിവാദമായതോടെ ഈ പരസ്യം നീക്കം ചെയ്തതായാണ് വിവരം.
അവിദഗ്ധ മേഖലയിലെ തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ‘hirearn’ എന്ന ആപ്ലിക്കേഷന്‍ കേരളത്തില്‍ സജീവമാണ്. ആപ്പിന് കീഴില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ട്. ആ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞ രാത്രി 12മണിയോടെ കോണ്‍ഗ്രസിന്റെ റാലിയിലേക്ക് ആളെ തേടിയുള്ള പരസ്യം വന്നത് എന്നാണ് ആരോപണം. ഇന്ന് നടക്കുന്ന പരിപാടിയിലേക്ക് ആളെ തേടിയാണ് പരസ്യം.
വട്ടിയൂര്‍ക്കാവിലെ റാലി നടക്കുന്ന കൃത്യമായ ലൊക്കേഷന്‍ പിന്നീട് അറിയിക്കാമെന്നാണ് സന്ദേശത്തില്‍ പറഞ്ഞത്.വൈകിട്ട് അഞ്ചുമണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് റാലിയില്‍ പങ്കെടുക്കാന്‍ സന്നദ്ധതയുള്ള ആളുകള്‍ എപ്പോഴും റെഡിയായി നില്‍ക്കണം. ഈസമയത്തായിരിക്കും റാലി നടക്കുക.
വിവാദമായതിന് പിന്നാലെ സന്ദേശം നീക്കം ചെയ്തതായാണ് വിവരം. തെറ്റിദ്ധാരണ മൂലമാണ് കോണ്‍ഗ്രസ് റാലിയിലേക്ക് ആളെ വേണമെന്ന് പറഞ്ഞ് മെസേജ് ഇട്ടതെന്ന് വാട്്സആപ്പ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന ‘hirearn’ ആപ്പിന്റെ അഡ്മിന്റെ വിശദീകരണവും തൊട്ടുപിന്നാലെ എത്തിയെന്നാണ് അറിയുന്നത്.കോണ്‍ഗ്രസിന്റെ പരിപാടിയിലേക്ക് ആളെ ആവശ്യപ്പെട്ട് കൊണ്ടുള്ള മെസേജ് അല്ല എന്നും വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ ഇതിനെ കുറിച്ച് അറിയില്ല എന്നാണ് തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
















