തൃശൂര്‍: ആഘോഷപ്പെരുമയില്‍ അന്തിമഹാകാളന്‍കാവ് വേല. മഹാകാളന്‍ കാവില്‍ കെട്ടുകാളകളുടേതാണ് എഴുന്നള്ളിപ്പ്. വിശേഷാല്‍പൂജകളെത്തുടര്‍ന്ന് ചേലക്കര, പങ്ങാരപ്പിള്ളി ദേശങ്ങള്‍ കാവില്‍ ഈടുവെടിവഴിപാട് നടത്തി.
തട്ടകത്തപ്പനെ വണങ്ങാനും വേല ആഘോഷത്തില്‍ പങ്കാളികളാകാനുമായി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് മീനച്ചൂടിലും കാവിലെത്തിയത്.ഉച്ചയോടെ കാളവേലകള്‍ തുടങ്ങി.തോന്നൂര്‍ക്കര, കുറുമല, പങ്ങാരപ്പിള്ളി, ചേലക്കര, വെങ്ങാനെല്ലൂര്‍-ചേലക്കോട് എന്നീ അഞ്ച് ദേശങ്ങളാണ് വേലയുടെ പ്രധാന പങ്കാളികള്‍.
ദേശങ്ങളിലെ ക്ഷേത്രങ്ങളായ എലിയപ്പറ്റ അന്തിമഹാകാളന്‍കാവ്, തോന്നൂര്‍ക്കര കളം അന്തിമഹാകാളന്‍കാവ്, വെങ്ങാനെല്ലൂര്‍ മഹാശിവക്ഷേത്രം, പങ്ങാരപ്പിള്ളി പരിഹാരം ശിവക്ഷേത്രം, കുറുമല ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് കാളവേലകളുടെ അകമ്പടിയോടെ ദേശവേല എഴുന്നള്ളിപ്പുകള്‍ നടന്നു. ദേശക്കാളവേല, വാദ്യമേളങ്ങള്‍, പൂക്കാവടികള്‍ തുടങ്ങിയവയുടെ അകമ്പടിയിലാണ് വേലയെഴുന്നള്ളിപ്പുകള്‍ നടന്നത്.
















