മഞ്ചേരി: കരാട്ടെ പരിശീലനത്തിനായെത്തിയ പ്രായപൂര്‍ത്തിയാകാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന എസ്ഡിപിഐ നേതാവായിരുന്ന കരാട്ടെ പരിശീലകനെതിരെയുള്ള രണ്ട് പോക്‌സോ കേസുകളിലെ അന്തിമ വിധി ഏപ്രില്‍ നാലിന് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി പറയും. കേസുകളിലെ അന്തിമ വാദം പൂര്‍ത്തിയായി. വലിയാട്ട് വീട്ടില്‍ സിദ്ദിക്ക് അലി (47) ആണ് പ്രതി.
കരാട്ടെ അദ്ധ്യാപകനെതിരെ പരാതിയുമായി മുന്നോട്ട് പോകവേ 2024 ഫെബ്രുവരി 19ന് പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയും, കൊല്ലപ്പെട്ടതായി കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയില്‍ കരാട്ടെ പരിശീലകന്‍ റിമാന്‍ഡില്‍ കഴിയവേ ഇയാള്‍ക്കെതിരെ മറ്റു പോക്‌സോ പരാതികള്‍ കൂടി ഉയരുകയായിരുന്നു. വാഴക്കാട് സ്റ്റേഷന്‍ പരിധിയിലാണ് മുഴുവന്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.
വാഴക്കാട് ഊര്‍ക്കടവിലെ തന്റെ വീടിന്റെ ടെറസില്‍ നടത്തിയ കരാട്ടെ സെന്ററിന്റെ മറവില്‍ പ്രതി വര്‍ഷങ്ങളായി കുട്ടികളെ ലൈംഗിക പീഡനം നടത്തുകയായിരുന്നു. താന്‍ പരമഗുരുവാണെന്നും മറ്റും പറഞ്ഞ് കുട്ടികളെ സ്വാധീനിച്ചായിരുന്നു പീഡനം നടത്തിയത്. ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തിന് ശേഷമാണ് വിഷയം പുറംലോകം അറിഞ്ഞത്.
പിന്നീട് ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരാതിക്കാരുടെയും കക്ഷികളുടെയും സുരക്ഷ പരിഗണിച്ച് സിദ്ദിക്ക് അലിക്ക് എതിരെയുള്ള പോക്‌സോ കേസുകളില്‍ കസ്റ്റഡി ട്രയല്‍ അംഗീകരിച്ചിരുന്നു. ആയതിനാല്‍ റിമാന്‍ഡില്‍ ഇരിക്കവെയാണ് വിചാരണ പൂര്‍ത്തീകരിച്ചത്.
21ഉം 14ഉം പ്രോസിക്യൂഷന്‍ സാക്ഷികള്‍ വീതം ഉള്ള കേസുകളില്‍ പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം 2025 പകുതിയോടെ തന്നെ പൂര്‍ത്തിയായിരുന്നു. കേസിന്റെ തെളിവിലേക്കായി പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിരുന്നു.
വിചാരണ വേളയില്‍ പല തവണ പ്രതി ജാമ്യത്തിനായി ശ്രമിച്ചിരുന്നു. എന്നാല്‍ അത് കേസിന്റെ ഗൗരവം മാനിച്ചും, ജാമ്യം നല്‍കുന്നത് സാക്ഷികളെയും, വിചാരണയെ പ്രതികൂലമായി ബാധിക്കുന്നതിനാലും, പ്രതിക്ക് ഇതുവരെ ജാമ്യം ലഭിച്ചില്ല. നിലവില്‍ രണ്ട് വര്‍ഷമായി ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സോമസുന്ദരന്‍ ഹാജരായി. ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പരാതിയില്‍ എടുത്ത പോക്‌സോ കേസില്‍ മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.














