India

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കി. ഭരണം, ക്രമസമാധാനം, ദേശീയ സുരക്ഷ എന്നിവ കൈകാര്യം ചെയ്തതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് കുറ്റപത്രം.

ബംഗാള്‍ വഴിയുള്ള നുഴഞ്ഞുകയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നുവെന്ന് കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു. ആസാമിലേക്കുള്ള നുഴഞ്ഞുകയറ്റം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു, ഇപ്പോള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കുള്ള ഏക പ്രവേശന കേന്ദ്രം ബംഗാളിലാണ്. ബംഗാള്‍ ഇപ്പോഴും ദുര്‍ബലമായ ഒരു പ്രവേശന കേന്ദ്രമായി തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റക്കാര്‍ വിഭവങ്ങള്‍ നഷ്ടപ്പെടുത്തുക മാത്രമല്ല, പ്രാദേശിക തൊഴിലാളികളുടെ ജോലിയും അപഹരിക്കുന്നു. ഭാരത- ബംഗ്ലാദേശ് അതിര്‍ത്തിയിലെ 600 കിലോമീറ്റര്‍ വേലി കെട്ടാന്‍ സ്ഥലം നല്‍കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടു. ബിജെപി അധികാരത്തില്‍ വന്നാല്‍ 45 ദിവസത്തിനുള്ളില്‍ ഈ പ്രശ്‌നം പരിഹരിക്കുമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തു.

ബംഗാള്‍ പൗരന്മാരുടെ പരാതികളാണ് കുറ്റപത്രത്തില്‍ പ്രതിഫലിക്കുന്നത്. അഴിമതി, വ്യാവസായിക സ്തംഭനം, നിയമരാഹിത്യം, അക്രമരാഷ്‌ട്രീയം എന്നിവയാണ് പ്രധാന വിഷയങ്ങളായി കുറ്റപത്രത്തില്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. മമതാ ബാനര്‍ജി ഒരു വനിതാ മുഖ്യമന്ത്രിയാണ്. പക്ഷേ അവരുടെ ഭരണത്തിന്‍ കീഴില്‍ സ്ത്രീകളുടെ അവസ്ഥ വളരെ മോശമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ക്ക് ടിഎംസി നേതാക്കള്‍ അഭയം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ രാഷ്‌ട്രീയ അക്രമം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഒരു തന്ത്രമായി ടിഎംസി മാറ്റി. ഇവര്‍ അനധികൃത നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കുന്നതായും അദ്ദേഹം ആരോപിച്ചു.