Varadyam

ചിത്രകലയിലെ പൂന്താനം

Published by
ടി.എന്‍.രാജന്‍ പാലാ

നിര്‍മ്മാല്യ പുണ്യസമയമായ വെളുപ്പിന് മൂന്ന് മണിക്ക് തന്നെ വിളക്കുകള്‍ കൊളുത്തി. ഇരുന്നില്ല, നിന്നുതന്നെ കണ്ണനെ വിളിച്ചു. എല്ലാ ദിവസവും കാണണം എന്നാണ് പ്രാര്‍ത്ഥിക്കുന്നത്. ഇന്ന് പക്ഷേ, എന്ത് കുറുമ്പാണ് എന്നെ കാണിച്ച് തരുന്ന തെന്നാണ് കണ്ണനോട് ചോദിച്ചത്. പെട്ടെന്ന് നെയ്‌വിളക്കിലെ തിരി നെയ്യിലേക്ക് ഉരുകിവീണു. സങ്കടമായി. കണ്ണന്‍ പിണങ്ങിയോ? ആ ഇരുട്ടില്‍ തന്നെ തിരി തപ്പിയെടുത്തു വീണ്ടും കൊളുത്തി. അപ്പോള്‍ കണ്ട വിസ്മയം, നിറയെ പല നിറമുള്ള ചേലകളാണ്. എടാ, കുറുമ്പാ നീയെവിടെയെന്ന് അന്വേഷിച്ച് നോക്കിയപ്പോള്‍. ദാ നില്‍ക്കുന്നു നീലത്തിടമ്പ്, ഒരു വലിയ പെട്ടി, അതിന്റെ പിറകില്‍ ഒളിച്ചുനിന്ന് കള്ള ചിരിയോടെ പറയുകയാണ്: ”അമ്മ പറഞ്ഞു, ചേല നല്ലത് എടുത്തു വയ്‌ക്കാന്‍, പക്ഷേ മൊത്തം തപ്പിയിട്ട് കിട്ടിയില്ല. അതുകൊണ്ട് എന്റെ മഞ്ഞപ്പട്ട് ഊരി കൊടുക്കുവാണെന്ന്. ഇനി അമ്മയ്‌ക്ക് പണിയായെന്ന് ചിന്തിച്ച്, മഞ്ഞപ്പട്ട് ഊരി നില്‍ക്കുന്ന കള്ളകണ്ണനെ പകര്‍ത്തി. പറഞ്ഞ കാര്യം വരികളുമാക്കി. വീണ്ടും തല ഉയര്‍ത്തി നോക്കുമ്പോള്‍ പല നിറങ്ങള്‍ കാണാം. കേട്ടതോ, ”കണ്ണാ ഇങ്ങനെ കുറുമ്പ് കാണിക്കാമോ, അമ്മയ്‌ക്ക് ഈ ചേലകള്‍ മൊത്തം അടുക്കി വയ്‌ക്കേണ്ടേ.” മറുപടിയായി കേട്ടത് കിങ്ങിണി കിലുങ്ങും പോലുള്ള ചിരിയാണ്.

വരയുടെ പൂന്താനം എന്നും ഗുരുവായൂരപ്പന്റെ സ്വന്തം ചിത്രകാരനെന്നും ഭക്തര്‍ വിശേഷിപ്പിക്കുന്ന ചിത്രകാരന്‍ നന്ദന്‍ പിള്ളയുടെ ഒരു ദിവസം തുടങ്ങുന്നത് ഇങ്ങനെ കണ്ണനെ വിളിച്ചുണര്‍ത്തി പ്രാര്‍ത്ഥിച്ചുകൊണ്ടാണ്. വെളുപ്പിന് രണ്ടരയോടെ കുളിച്ച് വന്ന് വിളക്ക് വച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ തെളിയുന്ന ചിത്രമാണ് വരയ്‌ക്കുന്നതെന്ന് നന്ദന്‍ പിള്ള പറയുന്നു. ഓരോ ചിത്രവും ഭഗവാന്റെ കൈയ്യൊപ്പ് പതിഞ്ഞവ. ഭഗവാന്‍ അറിയാതെ ഒരു കുത്തോ വരയോ പോലും അവിടെയില്ല.
ചിത്രം കാണുമ്പോഴും, കുറിച്ച വരികള്‍ വായിക്കുമ്പോഴും വാത്സല്യംകൊണ്ട് വാരിയെടുത്ത് ഉമ്മവയ്‌ക്കാന്‍ കൊതിച്ചുപോകുന്നതാണ് ദിനവരയില്‍ പ്രത്യക്ഷപ്പെടുന്ന ഭഗവാന്റെ ഓരോ കുട്ടിത്തവും.

ഉണ്ണിക്കണ്ണന്റെ കുറുമ്പും കുസൃതികളും ഒളിപ്പിച്ച ചേലാര്‍ന്ന ചിത്രം ഒരു നോക്കു കാണാന്‍ ദിവസവും ആയിരക്കണക്കിന് ശ്രീകൃഷ്ണഭക്തരാണ് പുലര്‍കാലത്ത് ഉറക്കമുണര്‍ന്ന്, ഇന്നെന്ത് കുറുമ്പാണ് ഉണ്ണിക്കണ്ണന്‍ കാട്ടുന്നതെന്ന് തിടുക്കപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ തെരയുന്നത്. ഒരേസമയം വിസ്മയവും സാന്ത്വനവുമാകുന്ന കുട്ടിക്കുറുമ്പന്റെ രേഖാചിത്രങ്ങള്‍.. ചുണ്ടില്‍ വിടരുന്ന നറുപുഞ്ചിരിയില്‍ നിന്ന് കവിത പോലെ പല രസങ്ങള്‍ വായിച്ചെടുക്കാം..

ഇത് ഗുരുവായൂരപ്പന്റെ ലീലകള്‍ തന്നെ. സമൂഹ മാധ്യമങ്ങളില്‍ നന്ദന്‍ പിള്ളയുടെ കണ്ണന്‍ ചിത്രങ്ങള്‍ക്ക് താഴെ ഭക്തര്‍ എഴുതുന്ന കുറിപ്പുകള്‍ കണ്ടാല്‍ അത്ഭുതം തോന്നും. അത്രയ്‌ക്ക് അവരുടെ മനസ്സില്‍ ഭക്തിയും വാത്സല്യവും ആശ്വാസവും നിറയ്‌ക്കുന്നതാണ് ആ സൃഷ്ടികള്‍. ഗുരുവായൂര്‍ കീഴ്ശാന്തി കിഴിയേടം വാസുണ്ണി തിരുമേനിയുടെ ഒപ്പം നില്‍ക്കുന്ന കണ്ണനെ വരച്ചുതുടങ്ങിയ നന്ദന്‍ പിള്ളയുടെ കലാസപര്യ, അന്നത്തെ മേല്‍ശാന്തിയായിരുന്ന സാമവേദ പണ്ഡിതന്‍ ഡോ. ശിവകരന്‍ തിരുമേനിയെയും ചേര്‍ത്ത് കാര്‍ട്ടൂണ്‍ പോലെ വരച്ച ചിത്രങ്ങള്‍ ഭക്തരുടെ മനസ്സില്‍ സ്ഥാനം പിടിച്ചു. ഇതോടെ ഇന്ന് ആയിരത്തിനടുത്ത് കാര്‍ട്ടൂണ്‍ ശൈലി ചിത്രങ്ങളുമായി കൂടുതല്‍ മികച്ചതായി. മാത്രമല്ല ഒരു ദിവസം പോലും മുടങ്ങാതെ നടക്കുന്ന കലാ തപസ്സായി അത് മാറി.

പഠിച്ചത് ബികോം ആണെങ്കിലും ചെറുപ്പം മുതല്‍ നന്ദന്റെ ലോകം വരയും ശില്‍പ്പങ്ങളുമായിരുന്നു. ചിത്രരചന പഠിക്കുന്നതിനായി ഒരിടത്തും പോയിട്ടില്ല. ചെറുപ്രായം മുതല്‍ മനസ്സില്‍ തോന്നിയതെല്ലാം എവിടെയെങ്കിലും കോറിയിടുന്നതായിരുന്നു പ്രകൃതം. ബിരുദ പഠനത്തിനു ശേഷം അഡ്വര്‍ടൈസിംഗ് മേഖലയിലേക്ക്- കേരളത്തിലെ ആദ്യ പരസ്യ ക്യാമ്പയിനിന് ഇന്ത്യയിലെ ഇന്നത്തെ വലിയ പരസ്യ ഏജന്‍സിയായ വളപ്പിലയ്‌ക്കൊപ്പം ചുക്കാന്‍ പിടിച്ചത് നന്ദന്‍ പിള്ളയാണ്. രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ ഇന്റര്‍നെറ്റിലൂടെ ഇടപെടലുകള്‍ നടത്താന്‍ നന്ദന്‍ ശ്രദ്ധിച്ചു. സമൂഹത്തില്‍ കാണുന്ന തെറ്റായ പല പ്രവണതകളും കുട്ടികളിലൂടെ തിരുത്തപ്പെടണമെന്നതിന്റെ തുടര്‍ച്ചയാണ്, ഭഗവാന്റെ നിയോഗം പോലെ ഇപ്പോള്‍ കൈവന്ന ദിനവരകളുടെ പുണ്യം.

നന്ദന്‍ പിള്ള

സൈബര്‍ ആര്‍ട്ട് വില്ലേജ്
മൂകാംബികയിലേക്കുള്ള യാത്രയാണ് ജീവിതം മാറ്റിമറിച്ചതെന്ന് നന്ദന്‍ പിള്ള പറയുന്നു. കല ജീവിതത്തില്‍ നിറച്ചത് മൂകാംബിക ദേവിയാണ്.

സോഷ്യല്‍ മീഡിയ എന്ന പേര് പോലും മലയാളിക്ക് അന്യമായ കാലത്ത് ഇന്റര്‍നെറ്റില്‍ അത്തരമൊരു കൂട്ടായ്‌മയ്‌ക്ക് നന്ദന്‍ പിള്ള നാന്ദി കുറിച്ചു. കലാകാരന്മാര്‍ക്ക് ലോകത്തിന്റെ എവിടെ നിന്നും പരസ്പരം സംവദിക്കാന്‍ കഴിയുന്ന സൈബര്‍ ആര്‍ട്ട് വില്ലേജ് ആയിരുന്നു ലക്ഷ്യം.

ഓര്‍ക്കുട്ടോ ഫേസ്ബുക്കോ പോലുള്ള സോഷ്യല്‍ മീഡിയ മാദ്ധ്യമങ്ങള്‍ പോലും ജനിക്കാത്ത കാലഘട്ടത്തില്‍ കുട്ടികള്‍ക്കുവേണ്ടി ഒരു സൈബര്‍ ആര്‍ട്ട് വില്ലേജ് നന്ദന്‍ രൂപകല്‍പ്പന ചെയ്്തിരുന്നു. ഒരു കുട്ടിക്ക് ഒരു വെബ് പേജ് എന്നതായിരുന്നു രീതി. പതിനായിരത്തിലധികം കുട്ടികള്‍ കൂട്ടായ്‌മയില്‍ അംഗങ്ങളായി. എന്നാല്‍ പ്രതീക്ഷിച്ച പിന്തുണ അന്ന് സമൂഹത്തില്‍നിന്നും മാധ്യമങ്ങളില്‍ നിന്നും ലഭിച്ചില്ല. സി-ഡിറ്റ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെയെല്ലാം പിന്തുണ തേടിയെങ്കിലും അന്ന് ആരും അത് കാര്യമായി എടുത്തില്ല. നന്ദന്‍പിള്ള ലക്ഷ്യമിട്ടതു തന്നെയാണ് ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ പേരുകളില്‍ പിന്നീട് സോഷ്യല്‍ മീഡിയ ഭീമന്മാരായി മാറിയതെന്ന് ചരിത്രം.

കുട്ടികളുടെ ഈ ഇന്റര്‍നെറ്റ് കൂട്ടായ്‌മ കണ്ടിട്ടാണ് കേരള പോലീസ് വിളിച്ചത്. കേരള പൊലീസിന്റെ ആദ്യ ഓണ്‍ലൈന്‍ പരാതി സംവിധാനം മുതല്‍ കേരള ആഭ്യന്തര വകുപ്പിന് വേണ്ടി ഏറെ പദ്ധതികള്‍ക്ക് നന്ദന്‍ പിള്ളയുടെ സൃഷ്ടിപരമായ കഴിവുകള്‍ അടിത്തറയായി. പിന്നീട് ജനമൈത്രി, പുണ്യം പൂങ്കാവനം, സൈബര്‍ സുരക്ഷ, ഓപ്പറേഷന്‍ കുബേര, എസ്പിസി തുടങ്ങി നിരവധി പദ്ധതികളില്‍ നന്ദന്‍ പിള്ളയുടെ കയ്യൊപ്പ് പതിഞ്ഞു. കേരള പൊലീസിന്റെ ട്രാഫിക് അവബോധ പ്രവര്‍ത്തനങ്ങളിലെ മുഖമുദ്രയായിരുന്ന ‘പപ്പു സീബ്ര’ ജനിച്ചത് നന്ദന്റെ വിരലുകളിലൂടെയാണ്. ‘ഹെല്‍മറ്റ് വച്ചില്ലെങ്കില്‍ തല ഓംലെറ്റ് ആകും’ എന്നതായിരുന്നു പപ്പുവിന്റെ മുദ്രാവാക്യം. രണ്ടായിരത്തി ഒമ്പതില്‍ നിലവില്‍ വന്ന പദ്ധതിക്ക് അന്താരാഷ്‌ട്ര മീഡിയ സേഫ്റ്റി അവാര്‍ഡ് ലഭിച്ചു. മറ്റു സംസ്ഥാനങ്ങള്‍ മാതൃകയുമാക്കി.

അനിമേഷനിലും ഉണ്ണിക്കണ്ണന്‍
സമാനമായി നന്ദന്റെ നൂറുകണക്കിന് വരകള്‍ സമൂഹത്തെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുകയാണ്. കേരള പോലീസിനു വേണ്ടി മാത്രം ആറോളം ഡോക്യുമെന്ററികളും ഡോക്യുഫിക്ഷനും എഴുതി സംവിധാനം ചെയ്തു. കേരള നിയമ സഭയില്‍ ആയിരുന്നു ആദ്യ പ്രദര്‍ശനം. കേരള പോലീസിന്റെ ഡിജിറ്റല്‍ അവബോധ പ്രചാരണത്തിന്റെ തുടക്കമായിരുന്നു അത്. ജനങ്ങളോടുള്ള പൊലീസിന്റെ സമീപനം എത്തരത്തിലാകണം, നിയമ പരിപാലനത്തിന് പൊതുജനങ്ങള്‍ക്ക് പോലീസിനെ എങ്ങനെ സഹായിക്കാം എന്നതൊക്കെയായിരുന്നു അതിന്റെയെല്ലാം ഉള്ളടക്കം.

കണ്ണന്‍ വരകളും വരികളും ദശലക്ഷകണക്കിന് ആളുകള്‍ കാണുന്ന സന്തോഷത്തില്‍ നന്ദന്‍ പിള്ളയുടെ കണ്ണന്‍ അനിമേഷന്‍ രൂപത്തിലും വരാന്‍ പോകുന്നു. ഓരോ കുറുമ്പിലും നിറയുന്നത് ഫിലോസഫിയാണെന്ന് നന്ദന്‍ പറയുന്നു. ഭഗവദ് ഗീതയുമായി ബന്ധപ്പെടുത്തി ഈ ഫിലോസഫി വെബ് സീരീസായി പുറത്തുവരും. ചിദംബര അരംഗം, ഗീതാപഥ് എന്നീ സംഘടനകളുമായി സഹകരിച്ചാണ് സൃഷ്ടികള്‍. നഷ്ടമാകുന്ന സനാതന മൂല്യങ്ങള്‍ തിരിച്ചുപിടിക്കുവാനുള്ള യജ്ഞമാണ് അതെന്ന് ആത്മവിശ്വാസത്തോടെ നന്ദന്‍ പിള്ള പറയുന്നു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ വാത്സല്യം നിറഞ്ഞ ഉപദേശങ്ങളും തനിക്ക് കരുത്താണെന്ന് അദ്ദേഹം പറയുന്നു.

കുട്ടികുറുമ്പിന്റെ പ്രഭ
നിര്‍മ്മാല്യ ദര്‍ശന പുണ്യസമയത്ത് മുഴങ്ങുന്ന ഭജനകള്‍ ചെവിയില്‍ മുഴങ്ങുന്ന പോലെ. വിളക്ക് വെച്ച് കണ്ണനെ വിളിച്ചു കണ്ണടച്ച് തുറന്നപ്പോഴേക്കും ദാ നില്‍ക്കുന്നു ശീവേലിയാനക്കലങ്കാരമായ നീലത്തിടമ്പ്. നിലത്തു കൈവച്ച് നമസ്‌കരിച്ചു പോയി, കുറുമ്പിന്റെ പ്രഭ കണ്ട്. അടുക്കളയില്‍ നിലയ്‌ക്കാത്ത ചിരിയാണ്. ഇന്നലെ അടികിട്ടിയത് വലം കൈക്കാണെന്ന് കണ്ണന്‍ മറന്നുപോയി. രാത്രി മുഴുവനും അമ്മയെക്കൊണ്ട് വലം കൈ ഉഴിയിച്ച കാര്യം കണ്ണനൊഴിച്ച് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്. അബദ്ധം പറ്റിയ പോലുള്ള നില്‍പ്പ് ഉടന്‍ ഞാന്‍ പകര്‍ത്തി. ഒപ്പം സംഭവം വരികളുമാക്കി.
-ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ള, (22/01/26,3 മണി)

കൂവളത്തിലയില്‍ നീലത്തിടമ്പ്

നിര്‍മ്മാല്യ ദര്‍ശന സമയത്ത് തന്നെ വിളക്ക് വെച്ച് കണ്ണനെ കാത്തിരുന്നു. അറിയാവുന്ന പുണ്യനാമങ്ങളുടെ ഈരടികള്‍ ചൊല്ലി കുറേക്കഴിഞ്ഞു. പെട്ടെന്ന് ഒരു തണുത്ത കാറ്റ് വീശിയ പ്രതീതി. സാമ്പ്രാണി പുക പരന്നൊഴുകി. നേരം സന്ധ്യയോ പ്രഭാതമോ എന്ന് മനസ്സിലാകുന്നില്ല. കാറ്റില്‍ വിളക്കുകള്‍ അനങ്ങുന്നില്ല. നെയ്‌ത്തിരി നീട്ടി ഞാന്‍ നോക്കിയപ്പോള്‍, കൂവളത്തറയില്‍ നീലത്തിടമ്പ് പോല്‍ കണ്ണന്‍. കൂവളത്തിനും കണ്ണന്റെ ഛായയൊ. കൂവളത്തിന്‍ തടിയില്‍ തൊട്ട് മേലോട്ട് നോക്കിയപ്പോള്‍. കാര്‍ക്കൂന്തല്‍ പോലെയൊരു പച്ചപ്പ്. കാണാന്‍ പറ്റിയില്ലെന്ന് പരാതി പറഞ്ഞവര്‍ക്ക് വേണ്ടി വന്നിരുന്നതാണോ. വലം കൈ നിവര്‍ത്തി ഒരു ഉരുള വെണ്ണ കാണിച്ചു. ഇടം കയ്യിലെ തള്ളവിരലില്‍ തോണ്ടി അത് നുണയുന്നുവോ. എന്തായാലും ആ ഭാവം പകര്‍ത്തി തല ഉയര്‍ത്തിയപ്പോള്‍ കാറ്റില്‍ ഉലയുന്ന കൂവളത്തിന്‍ ഇലകള്‍ മാത്രം.

-ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ള
(25/03/26 വെളുപ്പിന് 3 മണി )

 

Recent Posts