കോഴിക്കോട് : എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ആദ്യ ഭാര്യ പ്രമീള നായരെക്കുറിച്ച് ദീദി ദാമോദരനും എച്ച്. മുക്കുട്ടിയും ചേര്‍ന്ന് എഴുതിയ പുസ്തകത്തിനെതിരെ നല്‍കിയ കേസില്‍ എം. ടിയുടെ മകള്‍ അശ്വതി നായര്‍ കോടതിയില്‍ മൊഴി നല്‍കി. എഴുത്തുകാരിയായിരുന്ന പ്രമീളനായരെ കുറിച്ച് ബുക്ക് വേം പ്രസിദ്ധീകരിച്ച ‘എംറ്റി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകത്തിനെതിരെയാണ് പരാതി. എം ടിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ചെന്നാണ് മക്കളായ അശ്വതിയും സിത്താരയും പരാതി നല്‍കിയത്..
കോഴിക്കോട് സിജെഎം കോടതി 4 ആണ് അശ്വതി നായരുടെ മൊഴി രേഖപ്പെടുത്തിയത്. പ്രസാധകരും എഴുത്തുകാരും ഗൂഢാലോചന നടത്തി. പുസ്തകത്തിന്റെ തലക്കെട്ടും ഡിസൈനും തന്റെ അച്ഛന്‍ എം ടി വാസുദേവന്‍ നായരെ മോശക്കാരനാക്കുന്നതാണെന്നാണ് മകളുടെ വാദം.
സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത് എന്നും മൊഴിയില്‍ പറയുന്നു. കേസ് പരിഗണിക്കുന്നത് കോടതി മേയ് രണ്ടിലേക്ക് മാറ്റി.
കുടുംബത്തിന്റെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ച പുസ്തകം എംടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷമിട്ടുള്ളതാണെന്ന് സിതാരയും അശ്വതിയും നേരത്തെ തന്നെ ആരോപിച്ചിരുന്നു. പുസ്തകം പിന്‍വലിച്ച് മാപ്പ് പറയാന്‍ എഴുത്തുകാരും പ്രസാധകരും തയാറാകണമെന്നും ആവശ്യപ്പെട്ടിരുന്നു.
















