തിരുവനന്തപുരം:മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം ഒളിവിലായിരുന്ന പ്രതി പിടിയില്‍. കട്ടച്ചല്‍കുഴി പുത്തന്‍കാനം സ്വദേശി സജു ( 50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ജനുവരി 11നായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.
മംഗലത്ത്കോണം ജംഗ്ഷനിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 31.90 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണം പൂശിയ വളകള്‍ പണയം വച്ച് ഒരു ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് സ്ഥാപനത്തിലെ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് ഇത് മുക്കു പണ്ടമാണെന്ന് മനസിലായത്.
ബാലരാമപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം ഇയാളെ കോട്ടുകാല്‍ ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചതോടെ പൊലീസ് സംഘം സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.കോട്ടുകാല്‍ പഴയ പഞ്ചായത്ത് ഓഫീസിന് സമീപം നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി സജുവിനെ റിമാന്‍ഡ് ചെയ്തു.
















