തിരുവനന്തപുരം : മുള്ളന്‍ പന്നിയെ അടിച്ചുകൊന്ന കേസില്‍ സി പി എം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യം. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റായ ശശിക്ക് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ജാമ്യം നേടാനുളള ശ്രമം വിഫലമായതോടെ കഴിഞ്ഞ ദിവസം പരുത്തിപ്പള്ളി ആര്‍എഫ്ഒയ്‌ക്ക് മുന്നില്‍ വെള്ളനാട് ശശി കീഴടങ്ങിയിരുന്നു.
ഫെബ്രുവരി 28നാണ് പഞ്ചായത്തിലെ ഒരു വീട്ടില്‍ കയറിയ സംരക്ഷിത ജീവി ഇനത്തില്‍പ്പെട്ട മുള്ളന്‍ പന്നിയെ ഇരുമ്പ് ദണ്ഡ് കൊണ്ട് വെളളനാട് ശശി അടിച്ചു കൊന്നത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു.എന്നാല്‍ വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യുന്നത് പൊലീസ് വൈകിപ്പിച്ചു. ഒളിവിലാണെന്ന് പൊലീസ് പറയുമ്പോഴും സെക്രട്ടേറിയറ്റിലുള്‍പ്പെടെ വെളളനാട് ശശി എത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വെള്ളനാട് ശശി സമീപിച്ചെങ്കിലും തള്ളിയിരുന്നു.തുടര്‍ന്നാണ് കീഴടങ്ങിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന മുള്ളന്‍പന്നിയെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്താല്‍ 3 മുതല്‍ 7 വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
















