ഭാരതം ഇന്ന് കേവലം ഒരു സാങ്കേതിക മാറ്റത്തിനെയല്ല അഭിമുഖീകരിക്കുന്നത്; മറിച്ച് മനുഷ്യചരിത്രത്തിലെ സവിശേഷമായ ഒരു സാംസ്‌കാരിക വഴിത്തിരിവിലാണ് നാം നില്‍ക്കുന്നത്. കാര്‍ഷിക വിപ്ലവം നമ്മുടെ ജീവിത രീതിയെയും, വ്യവസായ വിപ്ലവം തൊഴില്‍ സംസ്‌കാരത്തെയും, ഡിജിറ്റല്‍ വിപ്ലവം ആശയവിനിമയത്തെയും മാറ്റിമറിച്ചു. എന്നാല്‍, കൃത്രിമബുദ്ധി (എഐ) നമ്മുടെ ചിന്താധാരയെയും അറിവിന്റെ സ്വഭാവത്തെയും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെയും, അതിലുപരി മനുഷ്യന്റെ ഉത്തരവാദിത്തത്തെത്തന്നെയും പുനര്‍നിര്‍വചിക്കുകയാണ്.
ഈ യുഗം വെറുമൊരു ഉപകരണപരമായ മാറ്റമല്ല; ഇതൊരു ബോധപരിവര്‍ത്തനമാണ്. എഐ നമ്മുടെ കഴിവുകളെ വെല്ലുവിളിക്കുകയല്ല, മറിച്ച് നമ്മുടെ മനുഷ്യത്വത്തെത്തന്നെയാണ് അടയാളപ്പെടുത്തുന്നത്.
‘321 ലോകം’ എന്ന കാഴ്‌ച്ചപ്പാട്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തെ ഞാന്‍ ‘321 ലോകം’ എന്ന് വിശേഷിപ്പിക്കുന്നു:
3: മൂന്നാം ദശകം.
2: രണ്ട് ബുദ്ധിസംവിധാനങ്ങള്‍
(മനുഷ്യനും എഐയും).
1: ഒരു ആഗോള നെറ്റ്വര്‍ക്ക്.
ഈ ഘട്ടത്തില്‍ മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധം ഒരു ഉപകരണമെന്ന നിലയില്‍ നിന്ന് സഹവര്‍ത്തിത്വത്തിലേക്ക് മാറുന്നു. വിവരശേഖരണം, കണക്കുകൂട്ടല്‍, ഡാറ്റാ വിശകലനം എന്നിവയില്‍ എഐ അതിവേഗം മുന്നേറുമ്പോള്‍; ധാര്‍മ്മികമായ തീരുമാനമെടുക്കല്‍, കരുണ, ആത്മപരിശോധന എന്നിവ മനുഷ്യന്റെ മാത്രം സവിശേഷതകളായി നിലനില്‍ക്കുന്നു.
‘മാനവ്’ (MANAV) ദര്‍ശനം
ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026ല്‍ അവതരിപ്പിച്ച ‘മാനവ്’ (MANAV) ദര്‍ശനം ഒരു നയരേഖ മാത്രമല്ല, അതൊരു സിവിലൈസേഷണല്‍ ആഹ്വാനമാണ്:
Moral & Ethical Systems
(ധാര്‍മ്മിക നൈതിക വ്യവസ്ഥകള്‍)
Accountable Governance
(ഉത്തരവാദിത്തമുള്ള ഭരണം)
National Sovereignty
(ദേശീയ പരമാധികാരം)
Accessible & Inclusive
(എല്ലാവര്‍ക്കും പ്രാപ്യമായത്)
Valid & Legitimate
(ആധികാരികവും നിയമപരവും)
ഈ ചട്ടക്കൂട് മനുഷ്യനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. എഐ മനുഷ്യനെ മറികടക്കാനല്ല, മറിച്ച് അവനെ ശാക്തീകരിക്കാനാണ്.
ആഗോള സമീപനങ്ങളും ഭാരതത്തിന്റെ വഴിയും
ലോകശക്തികള്‍ വ്യത്യസ്തമായ പാതകളിലൂടെയാണ് നിര്‍മിത ബുദ്ധിയെ സമീപിക്കുന്നത്:
അമേരിക്ക: വിപണി നേതൃത്വത്തിനും നവീകരണത്തിനും മുന്‍ഗണന നല്‍കുന്നു.
ചൈന: ദേശീയ ശക്തിയുടെയും സാങ്കേതിക ആധിപത്യത്തിന്റെയും ഉപാധിയായി കാണുന്നു.
യൂറോപ്പ്: നിയമപരവും നൈതികവുമായ നിയന്ത്രണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇവിടെ ഭാരതത്തിന്റെ വഴി വ്യത്യസ്തമാണ്. നമ്മുടെ കരുത്ത് സാങ്കേതികതയില്‍ മാത്രമല്ല, മൂല്യങ്ങളിലാണ്. ധര്‍മ്മം, വിവേകം, ലോകസംഗ്രഹം എന്നീ ഭാരതീയ ചിന്തകളാണ് എഐ നൈതികതയെക്കുറിച്ചുള്ള ആഗോള ചര്‍ച്ചകളില്‍ നമുക്ക് നല്‍കാനുള്ള വലിയ സംഭാവന.
വിദ്യാഭ്യാസവും ഭാവിയും
‘വിദ്യാര്‍ത്ഥിക്ക് എത്രത്തോളം അറിയാം?’ എന്ന പഴയ ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ‘അവന്‍/അവള്‍ എത്ര ആഴത്തില്‍ ചിന്തിക്കുന്നു?’, ‘എത്രത്തോളം ഉത്തരവാദിത്തത്തോടെ തീരുമാനമെടുക്കുന്നു?’ എന്നതാകണം പുതിയ മാനദണ്ഡം.
ഭാവി ‘AI vs Human’ എന്ന മത്സരമല്ല, മറിച്ച് ‘Human Beyond AI’ എന്ന ഉയര്‍ച്ചയാണ്. എഐ വേഗത നല്‍കും, മനുഷ്യന്‍ അതിന് ദിശ നല്‍കും. ്രൈപമറി തലം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെ ഈ മാറ്റം ഉള്‍ക്കൊള്ളണം. ബിരുദതലത്തില്‍ കൃഷി, ആരോഗ്യം, നിയമം തുടങ്ങിയ മേഖലകളുമായി ചേര്‍ന്നുള്ള പഠനം എന്ന സമീപനം അനിവാര്യമാണ്.
ഭാരതീയ വിജ്ഞാന വ്യവസ്ഥയും നിര്‍മിത ബുദ്ധിയും തമ്മിലുള്ള സംയോജനമാണ് നമ്മുടെ സവിശേഷത. മനുഷ്യനെ ശരീരം, മനസ്സ്, ബുദ്ധി, വിജ്ഞാനം, ആനന്ദം എന്നിങ്ങനെ കാണുന്ന പഞ്ചകോശ വീക്ഷണം ഇവിടെ പ്രസക്തമാണ്. എഐ ബുദ്ധിയെ സഹായിക്കാം, പക്ഷേ മനസ്സിനെയും മൂല്യങ്ങളെയും രൂപപ്പെടുത്തുന്നത് മനുഷ്യന്‍ തന്നെയാകണം.
എഐ ഇന്ന് നമ്മുടെ മുന്നിലുള്ള ഒരു കണ്ണാടിയാണ്. നമ്മള്‍ വെറും ‘എഐ ആശ്രിത സമൂഹ’മാകണോ അതോ ‘എഐ വഴി ശാക്തീകരിക്കപ്പെട്ട മനുഷ്യസമൂഹ’മാകണോ എന്നതാണ് ചോദ്യം. ഭാരതം ഒരു സാങ്കേതിക ശക്തിയായി മാത്രം വളര്‍ന്നാല്‍ പോരാ; ലോകത്തിന് മാതൃകയാക്കാവുന്ന ഒരു മനുഷ്യകേന്ദ്രിത സിവിലൈസേഷണല്‍ മാതൃകയായി ഉയരണം.
അതാണ് നമ്മുടെ ദൗത്യം, അതാണ് മനുഷ്യകേന്ദ്രിത എഐയുടെ സത്യമാര്‍ഗ്ഗം.















