
കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം
ക്രൈസ്റ്റ്ചര്‍ച്ച്: അഞ്ചാം ട്വന്റി20 മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. ആദ്യ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും 2-2ന് സമനില പാലിച്ച പരമ്പരയുടെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഫൈനലിന് സമാനമായിരുന്നു. വാശിപ്പോരില്‍ കിവീസിനെ 33 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക കീഴടക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ വിരുന്നുകാരെ ബാറ്റിങ്ങിന് വിട്ടു. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. ഇതിനെതിരെ ബാറ്റ് ചെയ്ത കിവീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മദ്ധ്യനിര ബാറ്റര്‍ കൊണോര്‍ എസ്‌റ്റെര്‍ഹുയിസെന്‍ നേടി 75 റണ്‍സ് ബലത്തിലാണ് പൊരുതാവുന്ന സ്‌കോര്‍ കണ്ടെത്തിയത്. മറുപടി ബാറ്റിങ്ങില്‍ ജെറാള്‍ഡ് കോയറ്റ്‌സീയും വിയാന്‍ മുള്‍ഡറും ഒട്ട്‌നെയില്‍ ബാര്‍ട്ട്മാനും അടങ്ങുന്ന ബൗളിങ് നിര ആതിഥേയരെ എറിഞ്ഞൊതുക്കുകയായിരുന്നു.
അര്‍ദ്ധ സെഞ്ചുറിക്കാരന്‍ എസ്റ്റര്‍ഹൂയിസെന്‍ മത്സരത്തിന്റെയും പരമ്പരയുടെയും താരമായി.