Categories: News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

രാഷ്ട്രീയ വാര്‍ത്തകള്‍ ചൂടപ്പം പോലെ പ്രചരിക്കുന്ന ഇക്കാലത്ത് രാജ്യത്തിനും ലോകത്തിനും മികച്ച സംഭാവനകള്‍ നല‍്കുന്ന ശാസ്ത്രനേട്ടത്തിനായി രാവും പകലും പണിയെടുക്കുന്ന ശാസ്ത്രജ്ഞരെ ആരെങ്കിലും ഓര്‍ക്കാറുണ്ടോ?

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മെംഗളൂരു: രാഷ്‌ട്രീയ വാര്‍ത്തകള്‍ ചൂടപ്പം പോലെ പ്രചരിക്കുന്ന ഇക്കാലത്ത് രാജ്യത്തിനും ലോകത്തിനും മികച്ച സംഭാവനകള്‍ നല‍്കുന്ന ശാസ്ത്രനേട്ടത്തിനായി രാവും പകലും പണിയെടുക്കുന്ന ശാസ്ത്രജ്ഞരെ ആരെങ്കിലും ഓര്‍ക്കാറുണ്ടോ? ഈ ദുര്യോഗമാണ് ശാസ്ത്രജ്ഞയായ ഡോ. സന്ധ്യ ഷെണോയ് അനുഭവിക്കുന്നത്.

എൽസെവിയറുമായി സഹകരിച്ച് സ്റ്റാൻഫോർഡ് സർവകലാശാല തയ്യാറാക്കിയ പട്ടികയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡോ. സന്ധ്യ ഷെണോയ് ഉണ്ട്. മൂന്ന് വർഷം തുടർച്ചയായി അവര്‍ ആഗോള സൈറ്റേഷനുകളിൽ ഇടംപിടിക്കുന്നു. അത്തരം നേട്ടം കൊയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച 2% ശാസ്ത്രജ്ഞരിൽ ഒരാളാണ് ഡോ. സന്ധ്യ ഷെണോയ്.

മാംഗ്ലൂരിലെ ശ്രീനിവാസ് സർവകലാശാലയിൽ മെറ്റീരിയല്‍ സയന്‍സില്‍ പ്രൊഫസറാണ് ഡോ. സന്ധ്യ ഷെണോയ്. മെറ്റീരിയല്‍ കെമിസ്ട്രിയിലെ അവരുടെ സംഭാവനകള്‍ക്ക് കഴിഞ്ഞ വര്‍ഷം സിആര്‍എസ് അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. മെറ്റീരിയൽ സയൻസ്, എഞ്ചിനീയറിംഗ് എന്നിവയില്‍ നടത്തിയ അവരുടെ ഗവേഷണം എന്താണെന്നോ? നമ്മള്‍ പാഴാക്കിക്കളയുന്ന താപത്തെ വൈദ്യുതിയാക്കി മാറ്റുന്ന നൂതന തെർമോഇലക്ട്രിക് വസ്തുക്കൾ സൃഷ്ടിക്കുന്നതിലായിരുന്നു അവരുടെ ഗവേഷണം. അതുവഴി ലോകത്തില്‍ സുസ്ഥിര ഊർജ്ജം സൃഷ്ടിക്കുന്നതിന് വഴിയൊരുക്കുക എന്ന ലക്ഷ്യമാണ് ഈ ഗവേഷണത്തിനുള്ളത്.

പരിസ്ഥിതി, പ്രായോഗിക ശാസ്ത്രങ്ങളോടുള്ള ആഴമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന നാനോമെറ്റീരിയലുകൾ, ഫോട്ടോകാറ്റലിസിസ്, ഊർജ്ജ-കാര്യക്ഷമമായ വസ്തുക്കൾ എന്നിവയിലും അവരുടെ പ്രവർത്തനങ്ങൾ വ്യാപിച്ചിരിക്കുന്നു.

ഇന്ത്യയുടെ ശാസ്ത്രീയ ഭാവിയെ രൂപപ്പെടുത്താൻ കഴിയുന്ന ഇത്രയധികം സംഭാവനകൾ നൽകിയിട്ടും, മുഖ്യധാരാ മാധ്യമങ്ങള്‍ ഇവരുടെ കഥ വേണ്ടതുപോലെ പങ്കുവെച്ചിട്ടില്ല. സമർപ്പണവും കർശനമായ ഗവേഷണവും എങ്ങിനെയാണ് ആഗോള വിജയത്തില്‍ ചെന്ന് ചേരുമെന്ന് ഡോ. സന്ധ്യ ഷേണായിയുടെ യാത്ര അടിവരയിടുന്നു.

Recent Posts