
ന്യൂദല്‍ഹി: ദീര്‍ഘദൂര ആക്രമണങ്ങളില്‍ പ്രഹരശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ഭൗമി എന്ന മിസൈലിന്റെ പരീക്ഷണം നടത്താനൊരുങ്ങി ഭാരതം.
പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആര്‍ഡിഒ ആണ് എയര്‍ ടു സര്‍ഫസ് സ്റ്റാന്‍ഡ് ഓഫ് ആയുധമായ ഭൗമി വികസിപ്പിച്ചത്. ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ പ്രഹരപരിധിക്ക് പുറത്തുനിന്ന് കൊണ്ട് തന്നെ അവരുടെ കമാന്‍ഡ് സെന്ററുകള്‍, അതീവ സുരക്ഷയുള്ള ഭൂഗര്‍ഭ ബങ്കറുകള്‍, പാലങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ലോങ് റേഞ്ച് സ്റ്റാന്‍ഡ്-ഓഫ് ആയുധമാണിത്. ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും. 100 കിലോമീറ്റര്‍ മുതല്‍ 150 കിലോമീറ്റര്‍ വരെയാണെന്ന് ഏകദേശ പ്രഹര പരിധി. ഇതിന്റെ ഗ്രൗണ്ട് ടെസ്റ്റിഗ് പരീക്ഷണങ്ങള്‍ ആരംഭിച്ചു. ഭാരതത്തിന്റെ മുന്നണിപ്പോരാളിയായ സുഖോയ്- 30 എംകെഐയുമായി ഭൗമിയെ സംയോജിപ്പിക്കുന്നതിനുള്ള പരിശോധനകള്‍ക്ക് ശേഷം ഈ മിസൈലിനെ യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപിക്കുന്ന പരീക്ഷണങ്ങള്‍ നടക്കും.
മിസൈലിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി സുഖോയ് വിമാനങ്ങളിലെ മിഷന്‍ കമ്പ്യൂട്ടറുകളിലും ഡിസ്പ്ലേ പ്രോസസറുകളിലും ആവശ്യമായ സോഫ്റ്റ്‌വെയര്‍ മാറ്റങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വ്യാമസേനയുടെ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ഡിഐ) ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. നിലവില്‍ സുഖോയ് വിമാനവുമായി മാത്രമാണ് മിസൈലിനെ സംയോജിപ്പിക്കുന്നത്. ഉയര്‍ന്ന ഭാരമുള്ള പോര്‍മുന വഹിക്കുന്നതിനാല്‍ ഇത്രയും ഭാരം വഹിക്കാന്‍ ശേഷിയുള്ള മറ്റു വിമാനങ്ങളിലും ഭാവിയില്‍ ഭൗമിയെ ഘടിപ്പിക്കും.