ചാരുംമൂട്: മാവേലിക്കര നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപി സംസ്ഥാന സമിതിയംഗം കെ. അജിമോന് മണ്ഡലത്തില്‍ ഉടനീളം ലഭിക്കുന്നത് വന്‍ പിന്തുണ. 12 ദളിത് ആദിവാസി സംഘടനകള്‍ കൂട്ടായി രൂപം നല്‍കിയ ‘ദളിത്-ആദിവാസി മഹാസഖ്യ’ത്തിന്റെ കൊല്ലം ജില്ലാ പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ കെ. അജിമോന്‍ സിദ്ധനര്‍ സൊസൈറ്റി കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാണ്. ഇപ്പോള്‍ എസ്സി-എസ്ടി ജില്ലാ പോലീസ് മോണിറ്ററിങ് കമ്മിറ്റി അംഗമായും ഭാരതീയ വ്യാപാരി വ്യവസായി സംഘ് കൊല്ലം ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു. പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു.
നന്നെ ചെറുപ്പത്തില്‍ കോണ്‍ഗ്രസിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അജിമോന്‍ പാര്‍ട്ടിയുടെ അഴിമതിയില്‍ മനംമടുത്ത് ദേശീയ രാഷ്‌ട്രീയ പ്രസ്ഥാനമായ ബിജെപിയില്‍ അംഗത്വം എടുക്കുകയായിരുന്നു. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ പോരുവഴി വടക്കേ മുറിയില്‍ കുഴിയത്ത് വടക്കേതില്‍ കര്‍ഷക തൊഴിലാളിയായ കൊച്ചുകുഞ്ഞിന്റെയും ശ്രീമൂലം പ്രജാസഭാംഗമായിരുന്ന കല്ലട നാരായണന്റെ സഹോദരി ഭാര്‍ഗവിയമ്മയുടേയും മകനാണ് ഈ 45 കാരന്‍.
പാവപ്പെട്ടവന്റെയും കര്‍ഷകരുടെയും ദുരിതങ്ങളും കഷ്ടപ്പാടുകളും തൊട്ടറിഞ്ഞു വളര്‍ന്നവനാണ് അജിമോന്‍. ഹൈസ്‌കൂള്‍ പഠന ശേഷം ശാസ്താംകോട്ട ദേവസ്വം കോളജില്‍ നിന്ന് പ്രീഡിഗ്രിയും തുടര്‍ന്ന് പന്തളം ഐടിഐയില്‍ നിന്ന് കമ്പ്യൂട്ടര്‍ ഡിപ്ലോമയും കരസ്ഥമാക്കിയ ശേഷമാണ് രാഷ്‌ട്രീയ രംഗത്തേക്ക് ചുവടുവെച്ചത്. നന്നേ ചെറുപ്പത്തില്‍ തന്നെ പോരുവഴി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയായി. തുടര്‍ന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്തനാപുരം ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടി. കൊല്ലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ കുന്നത്തൂര്‍ ബാലന്റെ മകള്‍ സചിത്ര ആണ് ഭാര്യ. ഒന്‍പത്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന അനിഷ്മ, അലന്‍ എന്നിവരാണ് മക്കള്‍.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ മാവേലിക്കരയില്‍ എത്തിച്ച്, മണ്ഡലത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അജിമോന്‍ പറയുന്നു. വിശ്വാസസംരക്ഷണം, എല്ലാവര്‍ക്കും ക്ഷേമം എന്നിവയും ഉറപ്പുനല്‍കിയാണ് അജിമോന്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ഇക്കുറി ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നെന്നും തന്റെ വിജയം ഉറപ്പാണെന്നും അജിമോന്‍ പറയുന്നു.
















