തിരുവനന്തപുരം: കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ ആന ചവിട്ടികൊന്ന ഒന്നാം പാപ്പാന്‍ വിഷ്ണു (27) വിന്റെ കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ച 18.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തില്‍ ബാക്കി നല്‍കേണ്ട 13 ലക്ഷം രൂപ ലഭിക്കുന്നതിന് അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റേതാണ് ഉത്തരവ്.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കും നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ക്കുമാണ് ഉത്തരവ് നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ വിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കാന്‍ കഴിയൂ.പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തതിലാണ് ഉത്തരവ്.
ദിവസവേതനക്കാരനായ വിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരി ഏഴിന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങളുള്ളത്.
2018 മുതല്‍ കോട്ടൂര്‍ ആനപുനരധിവാസ കേന്ദ്രത്തില്‍ ദിവസവേതന പാപ്പാനായിരുന്നു വിഷ്ണു. വിഷ്ണുവിന്റെ കുടുംബത്തിന് 50,000 രൂപ അടിയന്തര ധനസഹായം നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആനയുടെ ഇന്‍ഷ്വറന്‍സില്‍നിന്നും മൂന്ന് ലക്ഷവും വനംവകുപ്പിലെ താത്കാലിക ജീവനക്കാര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍നിന്നും അഞ്ച് ലക്ഷവും അനുവദിക്കും.
വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ അവകാശികള്‍ക്ക് നല്‍കുന്ന 10 ലക്ഷം രൂപ നിര്‍ധന കുടുംബാംഗമായ വിഷ്ണുവിന്റെ കുടുംബത്തിനും അനുവദിക്കും.ഇതില്‍ അഞ്ച് ലക്ഷം രൂപ പിതാവായ പി. ബിജുകുമാറിന് നല്‍കാന്‍ നടപടി സ്വീകരിച്ചു. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റും മറ്റ് നിയമപരമായ രേഖകളും കുടുംബം ലഭ്യമാക്കിയാല്‍ ബാക്കി അഞ്ച് ലക്ഷം രൂപ എത്രയും വേഗം വിഷ്ണുവിന്റെ അവകാശികള്‍ക്ക് നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
















