ന്യൂദല്‍ഹി: യൂട്യൂബുമായി ചേര്‍ന്ന് 15,000 പേര്‍ക്ക് എഐയില്‍ പരിശീലനം നല്‍കാന്‍ കേന്ദ്രം. ഇതിനായുള്ള ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസിന്റെ നേതൃത്വത്തില്‍ ഗൂഗിള്‍, യൂട്യൂബ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ദേശീയ എഐ സ്‌കില്ലിങ് സംരംഭം നടപ്പാക്കുന്നത്. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും മീഡിയ പ്രൊഫഷണലുകള്‍ക്കുമാണ് സംരംഭത്തിലൂടെ സൗജന്യ പരിശീലനം നല്‍കുക.
വേവ്സ് ഒടിടി പ്ലാറ്റ്ഫോമിലെ സിറ്റിസണ്‍ ക്രിയേറ്റര്‍ പ്ലാറ്റ്ഫോമായ മൈ വേവ്സ്, ഡിഡി ഫ്രീ ഡിഷ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ടെലിവിഷന്‍ സെറ്റുകളില്‍ തന്നെ അഡ്വാന്‍സ്ഡ് ഇലക്ട്രോണിക് പ്രോഗ്രാം ഗൈഡും ഇന്‍-ബില്‍റ്റ് സാറ്റ്‌ലൈറ്റ് ട്യൂണറുകളും സജ്ജീകരിക്കുന്ന പദ്ധതിക്കും ഇന്നലെ അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചു. സാങ്കേതിക വിദ്യയെ ജനാധിപത്യവത്കരിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ സംരംഭങ്ങള്‍ ആരംഭിക്കുന്നതെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇത് സാങ്കേതിക വിദ്യ ചെലവ് കുറച്ചും എളുപ്പത്തിലും ലഭ്യമാക്കും. ഇന്‍-ബില്‍റ്റ് സാറ്റ്‌ലൈറ്റ് ട്യൂണറുകളും ആധുനിക പ്രോഗ്രാം ഗൈഡും വരുന്നതോടെ, അധിക ഉപകരണങ്ങളില്ലാതെ തന്നെ പൗരന്മാര്‍ക്ക് ഉള്ളടക്കം ഇനി എളുപ്പത്തില്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. മൈ വേവ്സ് എന്നത് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ഉള്ളടക്കങ്ങള്‍ നിര്‍മിക്കാനും അപ്ലോഡ് ചെയ്യാനും പങ്കിടാനും സഹായിക്കുന്ന പ്ലാറ്റ്ഫോമാണ്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, യൂട്യൂബ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ഗുഞ്ജന്‍ സോണി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.











