Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Published by
എഡിറ്റോറിയൽ ഡെസ്ക്

രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍കൂടി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ സിപിഎമ്മുകാരനായിരുന്ന, നാലുതവണ എംഎല്‍എയും രണ്ടുതവണ മന്ത്രിയുമായിരുന്ന ജി. സുധാകരന്‍ എന്തുകൊണ്ട് സ്വന്തം പാര്‍ട്ടി വിട്ടു എന്ന ചോദ്യത്തിന് പിണറായിക്ക് മറുപടിയില്ല. ഇതിനു പകരം അധിക്ഷേപകരമായ പരാമര്‍ശം നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് ആദ്യമായല്ല പിണറായി വിജയനില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. രാഷ്‌ട്രീയ പ്രതിയോഗികളെ തരംതാണ ഭാഷയില്‍ കടന്നാക്രമിക്കുകയും, അതിനെ ന്യായീകരിക്കുകയും ചെയ്യുക എന്നത് ഈ നേതാവിന്റെയും ഭരണാധികാരിയുടെയും പതിവ് ശൈലിയാണ്. രാഷ്‌ട്രീയ നേതാക്കളെ മാത്രമല്ല മത നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ പിണറായി ശ്രമിച്ചിട്ടുണ്ട്. പിന്നീട് രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടി ഇവരുടെ പിന്തുണ നേടാനും മടിക്കാറില്ല. അവസരവാദ രാഷ്‌ട്രീയത്തിന്റെ ആചാര്യന് ഇതിലൊന്നും ലജ്ജ തോന്നാറുമില്ല. ശരിതെറ്റുകളെക്കുറിച്ചുള്ള ഒരു വിവേചനവും ഈ നേതാവിനില്ല. താന്‍ പറയുന്നതെന്തോ, ചെയ്യുന്നതെന്തോ അതാണ് ശരിയെന്ന ധാര്‍ഷ്ട്യമാണ് മുഖമുദ്ര.

സിപിഎമ്മിനെ രാഷ്‌ട്രീയ സദാചാരം പഠിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. കാരണം അങ്ങനെയൊന്നിന്റെ ആവശ്യമില്ലെന്ന് കരുതുന്നവരാണ് സിപിഎമ്മുകാര്‍. തെരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കുമേല്‍ മേല്‍ക്കൈ നേടാന്‍ എന്ത് കുത്സിത മാര്‍ഗവും സിപിഎം അവലംബിക്കും. വാക്കുകൊണ്ട് മാത്രമല്ല പ്രവൃത്തികൊണ്ടും ഇവര്‍ ഇങ്ങനെയാണ്. പാര്‍ട്ടിയുടെ അനുയായികളെയും എതിരാളികളെയും ഒരുപോലെ ഭയപ്പെടുത്താന്‍ കണ്ണൂരില്‍ കൊലപാതക പരമ്പര സൃഷ്ടിച്ചവരാണ് സിപിഎമ്മുകാര്‍. തുടക്കം മുതല്‍ തന്നെ ഈ അക്രമ രാഷ്‌ട്രീയത്തിന്റെ വക്താവും പ്രയോക്താവും ആയിരുന്നയാളാണ് പിണറായി വിജയന്‍. കണ്ണൂരിലെ സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തിന് തുടക്കം കുറിച്ചത് വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ തയ്യല്‍ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി കൊണ്ടാണല്ലോ. ഈ കേസില്‍ ആരോപണ വിധേയനായ വ്യക്തിയാണ് പിണറായി വിജയനും അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും. സ്വന്തം പാര്‍ട്ടിക്കാരന്‍ ആയിരുന്നിട്ടും ടി.പി. ചന്ദ്രശേഖരനെ കുലംകുത്തി എന്നു മുദ്രകുത്തി പൈശാചികമായി കൊലപ്പെടുത്തിയതിനെ അന്നുമുതല്‍ ഇന്നുവരെ ന്യായീകരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുമാണ് പിണറായി വിജയന്‍. അങ്ങനെയുള്ള ഒരാളില്‍ നിന്ന് സാമാന്യ ബുദ്ധിയുള്ള ആരും രാഷ്‌ട്രീയ സദാചാരം പ്രതീക്ഷിക്കില്ലല്ലോ.

അധിക്ഷേപരാഷ്‌ട്രീയം സിപിഎം എന്ന പാര്‍ട്ടിക്ക് പാരമ്പര്യമായി ലഭിച്ചതാണ്. സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജിയെയും സുഭാഷ് ചന്ദ്രബോസിനെയും മറ്റും അത്യന്തം നികൃഷ്ടമായ ഭാഷയില്‍ വിമര്‍ശിച്ച അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടര്‍ച്ചയാണല്ലോ സിപിഎം. ഇത് തെറ്റാണെന്ന് ഒരു സിപിഎം നേതാവിനും പിന്നീട് കുറ്റബോധം ഉണ്ടായതായി കണ്ടിട്ടില്ല. നികൃഷ്ടമായ ഈ രാഷ്‌ട്രീയത്തില്‍ നന്മ കാണുന്നവരാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍. എതിരാളികളെ അധിക്ഷേപിക്കുന്ന ഒരേയൊരു സിപിഎം നേതാവല്ല പിണറായി വിജയന്‍. മറ്റുള്ളവരും അങ്ങനെ ചെയ്യുന്നവരാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും, ഇടുക്കി എംഎല്‍എയും മുന്‍മന്ത്രിയുമായ എം.എം. മണിയുടെയും, മുന്‍ എംഎല്‍എ എം. സ്വരാജിന്റെയുമൊക്കെ വാഗ്വിലാസങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അയ്യപ്പസ്വാമിയെ പോലും ഇക്കാര്യത്തില്‍ സിപിഎം വെറുതെ വിടാറില്ല.

രൂക്ഷമായ ഭാഷയില്‍ രാഷ്‌ട്രീയ വിമര്‍ശനം നടത്തുന്നതും വ്യക്തിപരമായി ഒരാളെ അധിക്ഷേപിക്കുന്നതും രണ്ടാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഉപയോഗിക്കുന്ന ഭാഷ ആ പാര്‍ട്ടിയിലെ ചിലര്‍തന്നെ ചോദ്യം ചെയ്തിട്ടുള്ളതാണ്. കേരളത്തിനു പുറത്ത് എല്ലാ സംസ്ഥാനങ്ങളിലും ഒരു മുന്നണിയായി മത്സരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ഒരേപോലെ പെരുമാറുന്നതിലും അത്ഭുതപ്പെടാനില്ല. കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച് അധികാരം നേടുന്നതിനു വേണ്ടി മാത്രമാണ് ഈ പാര്‍ട്ടികള്‍ പരസ്പരം എതിര്‍ക്കുന്നതായി ഭാവിക്കുന്നത്. അധികാരം ലഭിച്ചാലും ഇവര്‍ പരസ്പരം ഒത്തുകളിക്കും. നേതാക്കള്‍ തമ്മിലെ അന്തര്‍ധാര ഇപ്പോള്‍ തന്നെ ശക്തമാണ്. അതുകൊണ്ട് മോശം ഭാഷയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അര്‍ഹതയില്ല. കേരളത്തിനു പുറത്ത് പിണറായിയുടെ രാഷ്‌ട്രീയത്തിന്റെ വക്താക്കളാണല്ലോ കോണ്‍ഗ്രസുകാര്‍. ജനങ്ങള്‍ വേണം ഇക്കൂട്ടരെ തിരുത്താന്‍. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതുണ്ടാവും.