Kerala

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരള രാഷ്‌ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. സംസ്ഥാന രാഷ്‌ട്രീയത്തിന്റെ ഗതി മാറ്റി കേരളത്തില്‍ ആദ്യത്തെ ബിജെപി പ്രതിനിധിയെ നിയമസഭയില്‍ എത്തിച്ചത് നേമമാണ്. 2016ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ മികച്ച ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി ഒ. രാജഗോപാല്‍ നിയമസഭയിലെത്തിയത്, കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരെയും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചിരുന്നു.

ഇത്തവണയും ഈ നിയോജക മണ്ഡലം ദേശീയ തലത്തില്‍ ശ്രദ്ധാ കേന്ദ്രമാവുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണല്ലോ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 18 വര്‍ഷം രാജ്യസഭാംഗം, മുന്‍ കേന്ദ്രമന്ത്രി, ഐടി വിദഗ്ധന്‍ തുടങ്ങി രാഷ്‌ട്രീയത്തിലും വ്യാവസായിക മേഖലയിലും സാമൂഹിക രംഗത്തും മികവ് തെളിയിച്ച രാജീവ് ചന്ദ്രശേഖര്‍ രണ്ടാം വട്ടമാണ് നേമത്ത് വോട്ട് തേടി എത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആയിരുന്നപ്പോള്‍ നേമത്തെ ജനങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ഈ സ്വീകാര്യതയാണ് നേമം പിടിക്കാന്‍ രാജീവ് ചന്ദ്രശേഖറിനെ പാര്‍ട്ടി നിയോഗിച്ചതിന് പിന്നില്‍.

2016ല്‍ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ എല്‍ഡിഎഫിലെ വി. ശിവന്‍കുട്ടിയെ 8671 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറന്നത്. എന്നാല്‍ 2021ല്‍ എല്‍ഡിഎഫ് – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടില്‍ ബിജെപി നിസാര വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ നേമം നിയമസഭാ മണ്ഡലത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ബിജെപി ഒന്നാം സ്ഥാനത്താണ്. 2014ല്‍ 18,046 വോട്ടിന്റെയും 2019ല്‍ 12,041 വോട്ടിന്റെയും 2024ല്‍ 22,126 വോട്ടിന്റെയും മേല്‍ക്കൈയാണ് ഇവിടെ ബിജെപിക്ക് കിട്ടിയത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേമത്തെ 22 വാര്‍ഡുകളില്‍ 17ലും വിജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥികളാണ്. ഈ ആത്മവിശ്വാസത്തില്‍ ബിജെപി ഇവിടെ വിജയം ഉറപ്പിക്കുന്നു.

എം.കെ. ചന്ദ്രശേഖരന്റെയും ആനന്ദവല്ലിയുടേയും മകനായി 1964 മെയ് 31ന് ഗുജറാത്തിലെ അഹമ്മദാബാദിലാണ് രാജീവ് ചന്ദ്രശേഖര്‍ ജനിച്ചത്. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദ ധാരിയായ അദ്ദേഹം 1988 മുതല്‍ 1991 വരെ അമേരിക്കയിലെ ഇന്റല്‍ കമ്പ്യൂട്ടര്‍ കമ്പനി യില്‍ ഐടി ഉദ്യോഗസ്ഥനായിരുന്നു. 1991ല്‍ ഭാരതത്തില്‍ തിരിച്ചെത്തി. 1991ല്‍ ബിപിഎല്‍ കമ്പനിയില്‍ ചേര്‍ന്നു. 1994ല്‍ ബിപിഎല്ലിന്റെ തന്നെ മൊബൈല്‍ ഫോണ്‍ കമ്പനി രൂപീകരിച്ചു. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ഐടി, നൈപുണ്യ വികസന സഹമന്ത്രിയായിരുന്ന അദ്ദേഹം മികച്ച മന്ത്രി എന്ന നിലയില്‍ പേരെടുത്തു. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ വിപ്ലവം സാധ്യമായപ്പോള്‍ അതിന്റെ അമരത്ത് രാജീവ് ചന്ദ്രശേഖറായിരുന്നു. തുടര്‍ന്നാണ് കേരളം പിടിക്കാനുള്ള ചുമതല പാര്‍ട്ടി അദ്ദേഹത്തെ ഏല്‍പിച്ചത്. മാറ്റം ആഗ്രഹിക്കുന്ന ഇവിടത്തെ ജനങ്ങള്‍ രാജീവ് ചന്ദ്രശേഖറിലൂടെ എന്‍ഡിഎയിലേയ്‌ക്ക് നോക്കുന്നു.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഉള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍, അഖിലേന്ത്യാ മേയേഴ്‌സ് കൗണ്‍സിലിന്റെ ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുള്ള ശിവന്‍കുട്ടിക്ക്, നേമത്തെ പോരാട്ടം നിലനില്‍പ്പിന്റേത് കൂടിയാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി മുന്‍ എംഎല്‍എയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ കെ.എസ്. ശബരിനാഥാണ്. മുന്‍ മന്ത്രിയും മുന്‍ സ്പീക്കറുമായ ജി. കാര്‍ത്തികേയന്റെ മകനെന്ന നിലയിലാണ് ശബരീനാഥ് രാഷ്‌ട്രീയത്തിലെത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കിലും കവടിയാറില്‍ കഷ്ടിച്ചാണ് ജയിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖറിന് ഏകപക്ഷീയ വിജയം മിക്കവാറും ഉറപ്പാകുമ്പോള്‍ ഇടതും വലതും രണ്ടാമതെത്താനുള്ള പോരാട്ടത്തിലാണ്.

Recent Posts