2000 വരെ കേരളം ലോകമെമ്പാടും അറിയപ്പെട്ടിരുന്നത് ആരോഗ്യരക്ഷ, വിദ്യാഭ്യാസം, തൊഴില്‍ നൈപുണ്യം എന്നീ മേഖലകളിലെ മികവ് കൊണ്ടാണ്. എന്നാല്‍ 2001 മുതല്‍ നാളിതുവരെ ഭരിച്ച ഇടത്-വലത് സര്‍ക്കാരുകളുടെ അഴിമതിയും സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനങ്ങളും മൂലം ഈ മേഖലകളില്‍ തകര്‍ച്ച നേരിട്ടു. ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ ഈ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ സ്വീകരിച്ച് വളര്‍ച്ച നേടുമ്പോള്‍ കേരളം തകരുകയാണ്.
2001-2006 കാലഘട്ടത്തില്‍ ആരോഗ്യവകുപ്പിലേക്ക് മരുന്നുകള്‍ വാങ്ങുന്നതിലെ അഴിമതികള്‍ക്കെതിരായ കേസുകള്‍ മൂലമാണ് കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പറേഷന്‍ രൂപീകൃതമായത്. എന്നാല്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പറേഷനെതിരെയും തുടര്‍ച്ചയായി അഴിമതി ആരോപണങ്ങള്‍ ഉയരുന്നു. 2006-2011 കാലത്ത് ഭരണകക്ഷിയായിരുന്ന സിപിഎമ്മിന്റെ നേതാക്കളുടെ ബന്ധുക്കള്‍ മരുന്ന് വിതരണത്തിനായി സ്വകാര്യ സ്ഥാപനങ്ങള്‍ രൂപീകരിച്ച് അവരില്‍ നിന്നും മരുന്ന് വാങ്ങാന്‍ ആരോഗ്യവകുപ്പിനെ സമീപിച്ചതായി ആരോപണങ്ങള്‍ ഉയര്‍ന്നു. അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി സിപിഎം നേതാവ് പി.കെ. ശ്രീമതിയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ദേശീയ ആരോഗ്യമിഷന്‍ (എന്‍എച്ച്എം) വിജയകരമായി നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു. കേരളത്തിലെ ദേശീയ ആരോഗ്യ മിഷനിലേക്ക് സ്വന്തക്കാരേയും പാര്‍ട്ടിക്കാരേയും തിരുകിക്കയറ്റിയതുമൂലമാണ് ഇങ്ങനെ സംഭവിച്ചത്. 2011-2016 കാലഘട്ടത്തിലെ യുഡിഎഫ് ഭരണകാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മൂലം ആരോഗ്യ മേഖല പൂര്‍ണ്ണമായും തകര്‍ന്നു.
2016-ല്‍ ഇപ്പോഴത്തെ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ആരോഗ്യ മേഖലയില്‍ അഴിമതിയും കെടുകാര്യസ്ഥതയും പിന്‍വാതില്‍ നിയമനവും തുടര്‍ന്നു. 2014-ല്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട് ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ആയുഷ്മാന്‍ ഭാരത്) കേരളത്തിലെ ജനങ്ങള്‍ക്ക് വളരെയധികം സഹായകരമായി. കേരളത്തിലെ ബഹുഭൂരിപക്ഷം സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും കേന്ദ്ര ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ചികിത്സ ലഭിക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള 5 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നാളിതുവരെ കേരളത്തില്‍ നടപ്പാക്കിയിട്ടില്ല.
2016-2021 കാലത്ത് കേരളത്തിന്റെ ആരോഗ്യ മേഖല കൂടുതല്‍ തകര്‍ച്ച നേരിട്ടു. ഇപ്പോള്‍ പേരാവൂരിലെ ഇടത് സ്ഥാനാര്‍ത്ഥിയായ കെ.കെ. ശൈലജയായിരുന്നു അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി. 2020 മാര്‍ച്ച് മാസത്തില്‍ ലോകമെമ്പാടും കൊവിഡ് പിടിയിലമര്‍ന്നു. ഇതിനെതിരെയുള്ള പ്രതിരോധത്തിലും കേരള സര്‍ക്കാരിന് പാളിച്ച പറ്റി. അന്ന് മരുന്നുകള്‍ വാങ്ങിയതിലും പി.പി.ഇ കിറ്റുകള്‍ പോലുള്ള പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതിലും അഴിമതി നടന്നതിനെതിരായ കേസുകള്‍ ഇപ്പോഴും നിലവിലുണ്ട്.
2021-ല്‍ അധികാരത്തില്‍ വന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രി ഇപ്പോള്‍ ആറന്മുളയില്‍ മത്സരിക്കുന്ന വീണാ ജോര്‍ജ്ജാണ്. ആശുപത്രികളില്‍ മരുന്നില്ലാത്തത് സംബന്ധിച്ചും ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലാത്തത് സംബന്ധിച്ചും ഈ കാലയളവില്‍ വമ്പിച്ച വിവാദങ്ങളുണ്ടായി. കേരളത്തിന്റെ മാതൃകാ മെഡിക്കല്‍ കോളജായി കരുതപ്പെടുന്നത് 1951-ല്‍ സ്ഥാപിതമായ തിരുവനന്തപുരം മെഡിക്കല്‍ കോളജാണ്. ലോകോത്തര നിലവാരമുള്ള അത്യാധുനിക ചികിത്സാ വിഭാഗങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഗാസ്ട്രോ മെഡിസിന്‍, ഗാസ്ട്രോ സര്‍ജറി, ന്യൂറോ സര്‍ജറി, നെഫ്രോളജി, യൂറോളജി, കാര്‍ഡിയോളജി തുടങ്ങിയ അത്യാധുനിക വിഭാഗങ്ങള്‍ ഇവിടെ പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലാത്തതിനെ സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തല്‍ ആരോഗ്യരംഗത്തെ വിദഗ്ധരും മാധ്യമങ്ങളും ജനങ്ങളും വ്യാപകമായി ചര്‍ച്ച ചെയ്തു. കേരള സര്‍ക്കാരിന്റെ വീഴ്ചകള്‍ ‘സിസ്റ്റത്തിന്റെ തകരാര്‍’ എന്ന് പറഞ്ഞ് മറയ്‌ക്കാനാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ശ്രമിച്ചത്. ശസ്ത്രക്രിയാ രംഗത്തെ വിദഗ്ധ ഡോക്ടര്‍ എന്ന നിലയില്‍ രോഗികളോടും സമൂഹത്തോടുമുള്ള കടമ നിര്‍വ്വഹിക്കാന്‍ കഴിയുന്നില്ലെന്നാണ് ഡോക്ടര്‍ ഹാരിസ് വിലപിച്ചത്. ഡോക്ടറുടെ വെളിപ്പെടുത്തലിനെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനാണ് ആദ്യം സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ജാഗ്രത കൊണ്ടാണ് ഡോ. ഹാരിസിന് അവിടെ ഇപ്പോഴും സേവനം തുടരാന്‍ കഴിയുന്നത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ വീഴ്ചകളെ സംബന്ധിച്ച് മറ്റ് വകുപ്പ് മേധാവികളുടെയും വെളിപ്പെടുത്തലുകളുണ്ടായി. കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വെളിപ്പെടുത്തിയത് ആശുപത്രിയിലെ അപര്യാപ്തത മൂലം ചികിത്സ തേടുന്ന രോഗികള്‍ക്ക് ജീവഹാനിയുണ്ടാകാം എന്നാണ്. കേരളത്തിലെ ആരോഗ്യ രംഗത്തെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് മേല്‍ പറഞ്ഞ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്.
ആരോഗ്യ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഗുണനിലവാരമുള്ള മരുന്നുകളുടെ അഭാവമാണ്. വിപണിയില്‍ ലഭിക്കുന്ന മരുന്നുകളില്‍ 40 ശതമാനവും ഗുണനിലവാരമില്ലാത്തതാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക സൈറ്റുകളില്‍ പറയുന്നു. 2025-ല്‍ തമിഴ്നാട്ടിലെ ലൈസന്‍സില്ലാത്ത ചുമ മരുന്ന് (കഫ് സിറപ്പ്) കഴിച്ച് ഇരുപത്തിയഞ്ചിലധികം കുട്ടികള്‍ മധ്യപ്രദേശിലും മറ്റും മരിച്ചതിനെ തുടര്‍ന്ന് കമ്പനി അടച്ചുപൂട്ടി ഉടമകളേയും വിതരണക്കാരേയും ജയിലിലടച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന നയമനുസരിച്ച് ഗുണനിലവാരമുള്ള മരുന്നുകള്‍ നിര്‍മിക്കാത്ത ചെറുകിട മരുന്നുല്പാദന വ്യവസായങ്ങള്‍ അടച്ചുപൂട്ടി. 6,500 ചെറുകിട മരുന്നുല്പാദന സ്ഥാപനങ്ങളാണ് 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പൂട്ടിയത്.
കേരളത്തിലെ മരുന്നു നിര്‍മാണ കമ്പനിയായ ആലപ്പുഴയിലെ കെ.എസ്.ഡി.പി.യുടെ ഉല്‍പാദന പ്രവര്‍ത്തനം നാമമാത്രമാണ്. 2024-25 ല്‍ 70 കോടി രൂപയ്‌ക്കുള്ള മരുന്ന് മാത്രമാണ് അവിടെ നിര്‍മിച്ചത്. 2006-2011 ല്‍ കെ.എസ്.ഡി.പി.യിലെ വൈറ്റമിന്‍-എ പ്ലാന്റ് അടച്ചുപൂട്ടി പൊളിച്ചു വിറ്റു. 2001-2006 ലെ യു.ഡി.എഫ് സര്‍ക്കാര്‍ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്തുള്ള ആസ്പിരിന്‍ മരുന്ന് നിര്‍മാണ കമ്പനി അടച്ചുപൂട്ടി. പിന്നീട് അത് പൊളിച്ചു വിറ്റു. അവിടുത്തെ മണ്ണുമാന്തി വിറ്റത് സംബന്ധിച്ച് വിജിലന്‍സ് കേസ് ഇപ്പോഴും നിലവിലുണ്ട്. ആസ്പിരിന്‍ എന്ന ജീവന്‍രക്ഷാ മരുന്നിന്റെ ദൗര്‍ലഭ്യം മൂലം രാജ്യത്തും പുറത്തും രോഗികള്‍ മരിക്കുന്നു. ഭാരതത്തില്‍ ഒരു വര്‍ഷം കയറ്റുമതി അടക്കം ആവശ്യമുള്ളത് 8 ലക്ഷം കോടിയുടെ മരുന്നാണ്. എന്നാല്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നത് 4 ലക്ഷം കോടിയുടെ മരുന്ന് മാത്രമാണ്.
കേരളത്തില്‍ പുതിയ മരുന്നുല്പാദന കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ മരുന്നുല്പാദനത്തില്‍ ഭാരതം മൂന്നാം സ്ഥാനത്താണ്. ഭാരതത്തെ മരുന്നുല്പാദനത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിക്കാനാവശ്യമായ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. 2024-ല്‍ ബയോ-ത്രീ പദ്ധതി പ്രകാരം രണ്ടര ലക്ഷം കോടി രൂപ മാറ്റിവെച്ചു. 2026-27 ലെ കേന്ദ്ര ബ്ജറ്റില്‍ ബയോഫാം കമ്പനികള്‍ക്കായി 10,000 കോടി വകയിരുത്തി. എന്നാല്‍ 2008-ല്‍ പാലക്കാട്ട് 36 ഏക്കര്‍ സ്ഥലത്ത് തുടങ്ങിയ അഗസ്ത്യാ ബയോഫാം മരുന്ന് കമ്പനി മാനേജ്മെന്റ് തര്‍ക്കം മൂലം 2012-ല്‍ അടച്ചുപൂട്ടി. കഴിഞ്ഞ 14 വര്‍ഷമായി അടഞ്ഞുകിടക്കുന്ന ഈ ബയോഫാം കമ്പനി തുറന്നു പ്രവര്‍ത്തിക്കാന്‍ കേരള സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല.
കേരളത്തിലെ ആരോഗ്യ മേഖലയുടെ തകര്‍ച്ച ജനങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചത് 2026 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ്. കേരളത്തിലെ 12 ഗവ. മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ സേവന-വേതന വ്യവസ്ഥകള്‍ക്ക് വേണ്ടി തുടര്‍ച്ചയായി 21 ദിവസം പണിമുടക്കി സമരം ചെയ്തു. അപ്പോഴും അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സ നല്‍കാനും
അടിയന്തിര ശസ്ത്രക്രിയ നടത്താനും ഡോക്ടര്‍മാര്‍ സന്നദ്ധരായി. ഈ സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു. അവസാനം ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മുന്‍കൈ എടുത്താണ് ഡോക്ടര്‍മാരുടെ സംഘടനയുമായി ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചത്.
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി പ്രകാരം ആരോഗ്യരക്ഷയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരാണ് ആശാ വര്‍ക്കര്‍മാര്‍. ഇവരുടെ മാസങ്ങളോളം നീണ്ടുനിന്ന സമരത്തെ പ്രതികാരബുദ്ധിയോടെ കാട്ടുനീതി ഉപയോഗിച്ചാണ് കേരള സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത്. ആശാ വര്‍ക്കര്‍മാരോട് കേരളത്തിലെ ഇപ്പോഴത്തെ സര്‍ക്കാര്‍ കാട്ടിയ പ്രതികാര നടപടികള്‍ ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. അതിനാല്‍ ഏപ്രില്‍ 9-ന് കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പാണ്
















