തിരുവനന്തപുരം:നിയമസഭാ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു ഖേല്‍ക്കര്‍. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പാര്‍ട്ടികള്‍ നല്‍കുന്ന രാഷ്‌ട്രീയ പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍, പെയ്ഡ് വാര്‍ത്തകളുടെ നിരീക്ഷണം എന്നിവ സംസ്ഥാന തലത്തില്‍ അഡീഷണല്‍ സിഇഒ പി.ബി.നൂഹ് അധ്യക്ഷനായ നാലംഗ സംസ്ഥാന തല കമ്മിറ്റി നിര്‍വഹിക്കും. കമ്മിറ്റിയുടെ തീരുമാനത്തില്‍ പുനഃപരിശോധന ആവശ്യമെങ്കില്‍ സിഇഒ ചെയര്‍മാനായ അപ്പലേറ്റ് കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാവുന്നതാണ്.
അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മൂന്നുദിവസം മുമ്പും രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടികളും വ്യക്തികളും പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ഏഴ് ദിവസം മുമ്പും അപേക്ഷകള്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കേഷനുള്ള അപേക്ഷകള്‍ നിശ്ചിത മാതൃകയില്‍, ഇലക്ട്രോണിക് രൂപത്തില്‍ പരസ്യത്തിന്റെ രണ്ടു കോപ്പി, അവയുടെ സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റിന്റെ രണ്ടു കോപ്പി എന്നിവ സഹിതം എം സി എം സി കമ്മിറ്റി മുമ്പാകെ ഹാജരാക്കണം.
കമ്മിറ്റി പരിശോധിച്ച് മാറ്റം നിര്‍ദേശിക്കുന്ന പരസ്യങ്ങള്‍ മാറ്റങ്ങള്‍ ഉള്‍ക്കൊളിച്ച് അംഗീകാരത്തിനായി കമ്മിറ്റി മുന്‍പാകെ പുനഃസമര്‍പ്പിക്കണം. കമ്മിറ്റി അംഗീകാരം ലഭിക്കാത്ത പരസ്യങ്ങള്‍ നല്‍കുന്നത് പെരുമാറ്റച്ചട്ട ലംഘനം ആയി കണക്കാക്കും.
സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് നിലവില്‍ വന്ന അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹമായവയ്‌ക്ക് അംഗീകാരം നല്‍കുകയും മാറ്റങ്ങള്‍ ആവശ്യമുള്ളവ സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. കമ്മിറ്റി മുമ്പാകെ പരിഗണിക്കുന്നതിനായി രാവിലെ 11 മണിക്കുള്ളില്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.എ ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുന്ന ദൃശ്യങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്ന പക്ഷം ‘AI Generated’ എന്ന് ദൃശ്യത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം . സുഗമമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും സഹകരണം ഉണ്ടാവണം എന്നും ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു .
















